സദ്യയിൽ ഏറ്റവും ഡിമാൻഡുള്ള സാധനം, ഇനി കിട്ടാതാകും
തൊടുപുഴ: പപ്പടം, പഴം, പായസം കൂട്ടിയുള്ള സദ്യ വിഷുവിന് ഒഴിച്ച് കൂടാനാകാത്ത ഘടകമാണെങ്കിലും പപ്പട നിർമ്മാണ മേഖലയിൽ ഇത്തവണ കാര്യങ്ങൾ അത്ര പന്തിയല്ല. പാചകവാതകത്തിനുണ്ടായ ക്ഷാമം ഹോട്ടൽ വ്യവസായത്തെ ബാധിച്ചതാണ് മേഖലയ്ക്ക് തിരിച്ചടിയായത്.
ഊണിനൊപ്പമുള്ള മെനുവിൽ പല ഹോട്ടലുകളും പപ്പടം ഒഴിവാക്കാൻ തുടങ്ങിയതോടെ പ്രതിസന്ധി രൂക്ഷമാണ്. സ്ഥിരമായി പപ്പടം കൊടുത്തിരുന്ന പല ഹോട്ടലുകളും നിലവിൽ അളവ് പകുതിയാക്കുകയോ വേണ്ടെന്ന് വയ്ക്കുകയോ ചെയ്തിട്ടുണ്ട്. മുമ്പ് ഉത്സവ സീസണുകളിൽ കച്ചവടം നല്ല രീതിയിലുണ്ടായിരുന്നതും ഇപ്പോൾ നേർപകുതിയായി കുറഞ്ഞു. തമിഴ്നാട്ടിൽ നിന്ന് വിലക്കുറവിൽ പപ്പടം വിപണിയിലെത്തുന്നതും ഈ മേഖലയ്ക്ക് കടുത്ത ഭീഷണി ഉയർത്തുന്നുണ്ട്. ഈ ഉത്പന്നങ്ങൾക്ക് ഗുണമേന്മയിൽ യാതൊരു ഉറപ്പുമില്ല. മൂന്ന് മാസത്തോളം ഇവ കേടുകൂടാതെ ഇരിക്കുമെന്നതാണ് പ്രത്യേകത. ഇതിൽ ചേർക്കുന്ന അസംസ്കൃത വസ്തുക്കൾ എന്തെന്നതിൽ പോലും ആർക്കും വ്യക്തതയില്ല. പരമ്പരാഗതമായി വീടുകളിൽ പപ്പടം നിർമ്മിച്ച് നൽകിയിരുന്നവരിൽ പലരും യന്ത്രവത്കൃത വ്യവസായ യൂണിറ്റുകളായി പപ്പട നിർമ്മാണം ആരംഭിച്ചു. അതിലൂടെ തൊഴിൽ നിലനിറുത്താനുള്ള വലിയ ശ്രമവും നടത്തുന്നുണ്ട്. അവർക്കാണ് ഇപ്പോൾ ഏറ്റവും കൂടുതൽ വെല്ലുവിളികളെ നേരിടേണ്ടി വന്നിട്ടുള്ളത്. കാര്യമായ വരുമാനം ഇല്ലാത്തതിനാൽ പുതിയ തലമുറയിൽ നിന്ന് അധികമാരും ഈ തൊഴിൽ മേഖലയിലേക്ക് കടന്നുവരാത്ത സ്ഥിതിയുമാണ്.
അസംസ്‌കൃത വസ്തുക്കളുടെ വില കൂടി
പപ്പട നിർമ്മാണത്തിന് ഉപയോഗിക്കുന്ന അസംസ്‌കൃത വസ്തുക്കളുടെ വില വർദ്ധന മൂലം നിർമ്മാണ ചെലവ് കൂടുന്നതും പ്രതിസന്ധിയാണ്. പപ്പടക്കാരം, ഉഴുന്ന്, അരിപ്പൊടി, വെളിച്ചെണ്ണ എന്നിവയ്ക്ക് ചില സമയങ്ങളിൽ അപ്രതീക്ഷിതമായി വില വർദ്ധിക്കും. എന്നാൽ ഇതിന് ആനുപാതികമായി പപ്പടത്തിന്റെ വില വർദ്ധിപ്പിക്കാനാവില്ല. ഉത്പാദന ചെലവിനൊപ്പം നൽകുന്ന പണിക്കൂലിയും വ്യവസായത്തിന് താങ്ങാനാകുന്നതല്ല. ഒരു തൊഴിലാളിക്ക് ആയിരം രൂപയും ചെലവും താമസ സൗകര്യവും ഒരുക്കേണ്ട അവസ്ഥയാണ്.
''മേഖലയിലെ പ്രതിസന്ധി വർദ്ധിക്കുകയാണ്. പലരും ഈ തൊഴിൽ തന്നെ ഉപേക്ഷിക്കേണ്ട അവസ്ഥയിലാണ് ""
-വി.സി. ജിതേഷ് (പപ്പട വ്യവസായി)