മുഖ്യമന്ത്രിയുടെ ഫോട്ടോയ്ക്ക് 'സ്വർണക്കള്ളൻ' എന്ന് ക്യാപ്ഷൻ; 19കാരനെതിരെ കേസെടുത്ത് പൊലീസ്

Monday 13 April 2026 10:14 AM IST

കണ്ണൂർ: മുഖ്യമന്ത്രി പിണറായി വിജയന്റെ ചിത്രം സോഷ്യൽ മീഡിയയിൽ വികലമായി പങ്കുവച്ചതിന് പത്തൊൻപതുകാരനെതിരെ കേസെടുത്ത് പൊലീസ്. കണ്ണൂർ പച്ചപ്പൊയ്ക സ്വദേശിയായ അനുനന്ദിനെതിരെയാണ് കേസെടുത്തിരിക്കുന്നത്. സിപിഎം പ്രവർത്തകൻ നൽകിയ പരാതിയിലാണ് കേസ്. മുഖ്യമന്ത്രിയുടെ ഫോട്ടോ വികലമായി പങ്കുവച്ച് അതിന് താഴെ 'സ്വർണക്കള്ളൻ' എന്ന അടിക്കുറിപ്പ് നൽകുകയും ചെയ്തു. പ്രിയദർശിനി ഓലായിക്കര എന്ന പേജിലാണ് ചിത്രം പങ്കുവച്ചത്.

മുഖ്യമന്ത്രിയെ അപകീർത്തിപ്പെടുത്താനും മനഃപ്പൂർവം ലഹളയുണ്ടാക്കാനും സോഷ്യൽ മീഡിയയിലൂടെ ശ്രമിച്ചുവെന്നാണ് എഫ്‌ഐആറിൽ പറയുന്നത്. പരാതിക്കാരനും സിപിഎം പ്രവർത്തകർക്കും ഇതുവഴി മാനസിക വിഷമം ഉണ്ടാക്കുകയും പ്രകോപനപരമായി പ്രവർത്തിക്കുകയും ചെയ്തുവെന്നും എഫ്‌ഐആറിൽ വ്യക്തമാക്കുന്നു. പിണറായി സ്വദേശിയായ സുധീറാണ് പരാതിക്കാരൻ.

കോൺഗ്രസിനെ പിന്തുണയ്ക്കുന്ന പോസ്റ്റുകളാണ് പ്രിയദർശിനി ഓലായിക്കരയെന്ന പേജിൽ പങ്കുവയ്ക്കുന്നത്. ഓലായിക്കരയിലെ കോൺഗ്രസ് ഗ്രാമമെന്നും ഫിയർലെസ് എഗെയ്ൻസ്റ്റ് കോംപ്രമൈസ് എന്നുമാണ് പേജിൽ ഡിസ്‌ക്രിപ്ഷനായി ചേർത്തിരിക്കുന്നത്.