'ആൺകുട്ടികളെക്കൊണ്ട്  പെൺകുട്ടികളെ  തല്ലിക്കും'; അദ്ധ്യാപകൻ റാം പ്രശ്നക്കാരനാണെന്ന് വിദ്യാർത്ഥികൾ

Monday 13 April 2026 11:43 AM IST

കണ്ണൂർ: അഞ്ചരക്കണ്ടി ഡെന്റൽ കോളേജിലെ ബി ഡി എസ് വിദ്യാർത്ഥി നിതിൻ രാജിന്റെ മരണത്തിൽ കൂടുതൽ വെളിപ്പെടുത്തലുമായി സഹപാഠികൾ. ആരോപണ വിധേയനായ അനാട്ടമി വിഭാഗം മേധാവി ഡോ. എം കെ റാം പ്രശ്നക്കാരനാണെന്ന് വിദ്യാർത്ഥികൾ പറയുന്നു.

അദ്ധ്യാപകൻ സ്ഥിരമായി മോശം ഭാഷ ഉപയോഗിക്കുമെന്നും ബോഡി ഷെയ്മിംഗ് ചെയ്യുമെന്നുമാണ് വെളിപ്പെടുത്തൽ. ആൺകുട്ടികളെക്കൊണ്ട് പെൺകുട്ടികളെ തല്ലിക്കുമെന്നും ഒരു വിദ്യാർത്ഥിനി വെളിപ്പെടുത്തിയിട്ടുണ്ട്. നിതിന്റെ മരണത്തിൽ ആരോപണ വിധേയരായ ഡോ. എം കെ റാം,​ അസോസിയേറ്റ് പ്രൊഫസർ ഡോ. എം സംഗീത എന്നിവരെ പ്രതികളാക്കി പൊലീസ് കേസെടുത്തിരുന്നു.

'ഞങ്ങൾക്കും ഇത്തരം അനുഭവങ്ങൾ ഉണ്ടായിട്ടുണ്ട്. പേടിച്ചിട്ടാണ് പുറത്തുപറയാത്തത്. കാരണം ഈ അദ്ധ്യാപകന് അറിയാവുന്നവരാണ് പരീക്ഷയ്ക്ക് വരുന്നത്. ഞങ്ങൾ പ്രശ്നം ഉണ്ടാക്കിയാൽ പരീക്ഷയിൽ തോൽപ്പിക്കുമെന്ന് ഭീഷണി ഉണ്ടായിരുന്നു. അദ്ദേഹത്തിനെതിരെ പരാതി നൽകിയിട്ടുണ്ട്. പല കുട്ടികളെയും മാർക്ക് കുറച്ചും പരീക്ഷ എഴുതിപ്പിക്കാതെയും ഇരുത്തിയിട്ടുണ്ട്. അത് കണ്ട് പേടിച്ചാണ് ആരും ഇതുവരെ പരാതിനൽകാതിരുന്നത്. സംഗീത മാഡത്തിനോട് നല്ല പോസിറ്റീവ് രീതിയാണ് ഇവിടെ എല്ലാവർക്കും. ഒരു സീനിയർ ആൾ അങ്ങനെ ചെയ്യുമ്പോൾ മാഡത്തിന് തിരിച്ച് ഒന്നും പറയാൻ കഴിയില്ലല്ലോ. അതുകൊണ്ടാവും മാഡം ഒന്നും പറയാത്തത്'- വിദ്യാർത്ഥിനി പറഞ്ഞു.

അതേസമയം, നിതിൻ രാജിന്റെ മരണത്തിൽ പ്രതിഷേധം കടുക്കുകയാണ്. അന്വേഷണത്തിൽ പൊലീസ് വീഴ്ച ആരോപിച്ച് അഞ്ചരക്കണ്ടി ഡെന്റൽ കോളേജിലേക്ക് കെഎസ്‌യു - എംഎസ്എഫ് പ്രവർത്തകരും ജനാധിപത്യ മഹിളാ അസോസിയേഷനും പ്രതിഷേധ മാർച്ച് സംഘടിപ്പിച്ചു. ക്യാമ്പസിനകത്തേക്ക് തള്ളിക്കയറി കുത്തിയിരുന്ന് പ്രതിഷേധിച്ച കെഎസ്‌യു പ്രവർത്തകരെ പൊലീസ് ബലം പ്രയോഗിച്ച് അറസ്റ്റ് ചെയ്ത് നീക്കി.