ചൂടുമൂലം മൊബൈൽ ഫോണുകൾ പൊട്ടിത്തെറിക്കുമോ? വാട്സാപ്പ് പ്രചാരണങ്ങൾക്ക് പിന്നിലെ സത്യം മറ്റൊന്ന്

Monday 13 April 2026 12:18 PM IST

തിരുവനന്തപുരം: ചൂടുമായി ബന്ധപ്പെട്ട് പ്രചരിക്കുന്ന വ്യാജ വാർത്തകൾക്കെതിരെ സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി രംഗത്ത്. ഔദ്യോഗിക മുന്നറിയിപ്പ് എന്നുള്ള തരത്തിലാണ് പ്രചാരണങ്ങൾ നടക്കുന്നത്. ഇത്തരം വ്യാജ പ്രചാരണങ്ങൾ ദുരന്ത നിവാരണ നിയമം 2005 സെക്ഷൻ 54 അനുസരിച്ച് ശിക്ഷാർഹമാണെന്നും അധികൃതർ അറിയിച്ചു.

ഏപ്രിൽ 29 മുതൽ മേയ് 12 വരെ താപനില 45 ഡിഗ്രി മുതൽ 55 ഡിഗ്രി വരെ ഉയരും എന്നും തുറസായ സ്ഥലങ്ങളിൽ നിൽക്കരുതെന്നും ചൂടുമൂലം മൊബൈൽ ഫോണുകൾ പൊട്ടിത്തെറിക്കും, കാറുകളിൽ ഇന്ധന ടാങ്കുകൾ മുഴുവനായി നിറയ്ക്കരുത് തുടങ്ങിയ നിർദേശങ്ങൾ അടങ്ങിയ വാട്സാപ്പ് പ്രചാരണമാണ് പ്രചരിക്കുന്നത്. സിവിൽ ഡിഫൻസ് വകുപ്പ് എന്ന പേരിലാണ് സന്ദേശം പ്രചരിക്കുന്നത്. എന്നാൽ കേരളത്തിൽ സിവിൽ ഡിഫൻസ് എന്ന വകുപ്പ് ഇല്ല. കേരളത്തിലെ സിവിൽ ഡിഫൻസ് അഗ്നിരക്ഷാസേനയുടെ കീഴിൽ പ്രവർത്തിക്കുന്ന സന്നദ്ധ സേനയാണ്.

ഔദ്യോഗിക അറിയിപ്പുകൾക്കും മുന്നറിയിപ്പുകൾക്കും സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിയുടെ (KSDMA ) ഔദ്യോഗിക പേജുകൾ, വെബ്സൈറ്റ് എന്നിവ സന്ദർശിക്കണം. കേരളത്തിൽ താപനില 54 ഡിഗ്രി ആകുമെന്ന പ്രവചനവും കേന്ദ്ര കാലാവസ്ഥ വകുപ്പ് നടത്തിയിട്ടില്ല.

അതേസമയം, ഞായറാഴ്ച പാലക്കാട് 39.2 ഡിഗ്രി ഉയർന്ന ചൂട് രേഖപ്പെടുത്തി. ചൊവ്വാഴ്ച വരെ കൊല്ലം, പാലക്കാട്, കോഴിക്കോട്, കാസർകോട് ജില്ലകളിൽ ഉയർന്ന താപനില 38 ഡിഗ്രി വരെയും ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂർ, കണ്ണൂർ ജില്ലകളിൽ 37 ഡിഗ്രി വരെയും പത്തനംതിട്ട ജില്ലയിൽ 36 ഡിഗ്രി വരെയും ഉയരാൻ സാദ്ധ്യതയുള്ളതിനാൽ മഞ്ഞ അലർട്ട് പ്രഖ്യാപിച്ചു. വെള്ളിയാഴ്ച പാലക്കാട്ട് ഈ സീസണിലെ ഏറ്റവും കൂടിയ ചൂടായ 40.1 ഡിഗ്രി രേഖപ്പെടുത്തിയിരുന്നു.