തകര്‍ത്തടിച്ച് ഇഷാന്‍ കിഷന്‍; രാജസ്ഥാനെതിരെ ഹൈദരാബാദിന് കൂറ്റന്‍ സ്‌കോര്‍

Monday 13 April 2026 9:28 PM IST

ഹൈദരാബാദ്: തുടര്‍ച്ചയായി അഞ്ചാം വിജയം ലക്ഷ്യമിടുന്ന രാജസ്ഥാന്‍ റോയല്‍സിന് മുന്നില്‍ കൂറ്റന്‍ സ്‌കോറുമായി സണ്‍റൈസേഴ്‌സ് ഹൈദരാബാദ്. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത സണ്‍റൈസേഴ്‌സ്, ക്യാപ്റ്റന്‍ ഇഷാന്‍ കിഷന്റെ ബാറ്റിംഗ് മികവില്‍ 20 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 216 റണ്‍സാണ് നേടിയത്. അര്‍ദ്ധ സെഞ്ച്വറി നേടിയ കിഷന് പുറമേ ദക്ഷിണാഫ്രിക്കന്‍ ബാറ്റര്‍ ഹെയ്ന്റിച്ച് ക്ലാസനും ബാറ്റിംഗില്‍ തിളങ്ങി.

ഓപ്പണര്‍ അഭിഷേക് ശര്‍മ്മ ആദ്യ പന്തില്‍ തന്നെ പുറത്തായി. മറ്റൊരു ഓപ്പണര്‍ ട്രാവിസ് ഹെഡിനും 18(18) പതിവ് ശൈലിയില്‍ തിളങ്ങാനായില്ല. മൂന്നാം വിക്കറ്റില്‍ ഒത്തുചേര്‍ന്ന കിഷന്‍ 91(44) - ക്ലാസന്‍ 40(26) സഖ്യം 39 പന്തുകളില്‍ നിന്ന് 88 റണ്‍സ് കൂട്ടുകെട്ടുണ്ടാക്കി. എട്ട് ബൗണ്ടറികളും ആറ് സിക്‌സറുകളും ഉള്‍പ്പെടുന്നതായിരുന്നു കിഷന്റെ ഇന്നിംഗ്‌സ്. ഈ കൂട്ടുകെട്ട് പിരിയുമ്പോള്‍ 13.2 ഓവറില്‍ 143ന് മൂന്ന് എന്ന നിലയിലായിരുന്നു ഹൈദരാബാദ്.

പിന്നീട് വന്ന നിതീഷ് കുമാര്‍ റെഡ്ഡി 28(13), അനികേത് വര്‍മ്മ 6(5) റണ്‍സ് നേടി പുറത്തായപ്പോള്‍ സലില്‍ അറോറ 13 പന്തുകളില്‍ നിന്ന് 24 റണ്‍സെടുത്ത് പുറത്താകാതെ നിന്നു. രാജസ്ഥാന് വേണ്ടി ജോഫ്ര ആര്‍ച്ചര്‍ രണ്ട് വിക്കറ്റുകള്‍ വീഴ്ത്തിയപ്പോള്‍ സന്ദീപ് ശര്‍മ്മ, തുഷാര്‍ ദേശ്പാണ്ഡെ, ക്യാപ്റ്റന്‍ റിയാന്‍ പരാഗ് എന്നിവര്‍ ഓരോ വിക്കറ്റ് വീതവും വീഴ്ത്തി.