വി​നോ​ദ​ ​സ​ഞ്ചാ​രി​ക​ളു​ടെ എ​ണ്ണ​ത്തി​ൽ​ ​വ​ർ​ദ്ധന യു​ദ്ധം,​ ഗ്യാസ് ക്ഷാമം... ഉ​ല​യാ​തെ​ ​ടൂ​റി​സം

Tuesday 14 April 2026 1:05 AM IST

കൊച്ചി: പശ്ചിമേഷ്യൻ സംഘർഷവും തുടർന്നുണ്ടായ എണ്ണ,​ പാചകവാതക ദൗർലഭ്യമൊന്നും ജില്ലയിലെ ടൂറിസം മേഖലയെ ബാധിച്ചില്ല. ജില്ലയിലെ പ്രധാന ടൂറിസം കേന്ദ്രങ്ങളി​ലെല്ലാം അവധിക്കാല തിരക്ക് ആരംഭിച്ചു. ഫോർട്ട് കൊച്ചി, കുമ്പളങ്ങി, കടമക്കുടി, തട്ടേക്കാട്, കുട്ടമ്പുഴ, ഏഴാറ്റുഖം തുടങ്ങിയ ഇടങ്ങളിലെല്ലാം നല്ല തിരക്കാണിപ്പോൾ. ഇന്നലെയും ശനിയാഴ്ചയുമെല്ലാം ജില്ലയിലെ ടൂറിസം കേന്ദ്രങ്ങളിലെ ഹോം സ്‌റ്റേകളും ഹോട്ടൽ മുറികളുമെല്ലാം ബുക്കിംഗ് ആയിരുന്നു. വരുന്ന ആഴ്ച അവസാനങ്ങളിലേക്ക് കൂടി അഡ്വാൻസ് ബുക്ക് ചെയ്തവരും ഏറെ.

ജില്ലയിലെ ടൂറിസം മേഖലയുടെ പ്രധാന ആകർഷണങ്ങളായ ഫോർട്ട്‌കൊച്ചി, ചെറായി, കുഴിപ്പിള്ളി, വൈപ്പിൻ തുടങ്ങിയ എല്ലാ ബീച്ചുകളിലും അവധിക്കാല തിരക്കുണ്ട്. ടെട്രാപോഡ് സജ്ജമാക്കിയതോടെ ചെല്ലാനം ബീച്ച് കാണാനും ഏറെ ആളുകൾ എത്തുന്നുണ്ടെന്ന് ടൂറിസം പ്രമോഷൻ കൗൺസിൽ അധികൃതർ പറയുന്നു.

താമസയിടങ്ങൾ

സർവ സജ്ജം

വാണിജ്യ ഗ്യാസ് സിലണ്ടറിന് നിയന്ത്രണം ഏർപ്പെടുത്തിയപ്പോൾ ഹോട്ടലുകളും റിസോർട്ടുകളുമെല്ലാം ഭക്ഷണ ഇനങ്ങളിൽ കുറവ് വരുത്തിയിരുന്നു. ഇതോടെ മറ്റ് സംസ്ഥാനങ്ങളിൽ നിന്നുള്ള വിനോദ സഞ്ചാരികൾ ബുക്കിംഗുകൾ ക്യാൻസൽ ചെയ്തു. പല റിസോർട്ടുകളും അതിഥികളില്ലാതെ അടച്ചിടലിന്റെ വക്കിലെത്തിയെങ്കിലും ഗ്യാസ് വിതരണ കമ്പനികൾ വിതരണം വർദ്ധിപ്പിച്ചതും സ്വകാര്യ ഗ്യാസ് സിലണ്ടറുകൾ വ്യാപകമായി കിട്ടാൻ തുടങ്ങിയതും പ്രതിസന്ധിയിൽ അയവു വരുത്തി. വിറകടുപ്പിൽ പാചകം ആരംഭിച്ചതോടെ ടൂറിസം രംഗത്തെ റസ്‌റ്റോറന്റുകളും ഹോം സ്‌റ്റേകളും ഭക്ഷണവില വർദ്ധിപ്പിച്ചിട്ടുണ്ട്.

ജില്ലയുടെ വിവിധ ഭാഗങ്ങളിലായി അനവധി താമസ സൗകര്യങ്ങളുണ്ട്. സർക്കാരിന്റെ രണ്ട് ഗസ്റ്റ് ഹൗസുകളും 16 പി.ഡബ്ല്യു.ഡി റസ്റ്റ് ഹൗസുകളും സജ്ജമാണ്. കേരള ടൂറിസത്തിന്റെ ക്ലാസിഫിക്കേഷനോടെയുള്ള 200നടുത്ത് ഹോം സ്‌റ്റേകളും ജില്ലയിലുണ്ട്.

ജില്ലയിലെ ടൂറിസം മേഖല പൂർണമായും ഗ്യാസ് സിലണ്ടർ ക്ഷാമത്തിൽ നിന്ന് കരകയറി. ഇപ്പോൾ നിരവധി പേർ ടൂറിസം കേന്ദ്രങ്ങളിലേക്ക് എത്തുന്നുണ്ട് ലിജോ സെക്രട്ടറി ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിൽ