പുകവലിക്കുന്ന ആളുകളുടെ എണ്ണത്തില്‍ വന്‍ ഇടിവ്; കാരണം ക്യാന്‍സര്‍ പേടി മാത്രമല്ല

Monday 13 April 2026 10:49 PM IST

ഇന്ത്യയില്‍ പുകവലിക്കുന്ന ആളുകളുടെ എണ്ണത്തില്‍ വന്‍ ഇടിവ് രേഖപ്പെടുത്തിയെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. ഇതോടെ സിഗററ്റ് കമ്പനികളുടെ ഓഹരി വിലയിലും വലിയ ഇടിവാണ് രേഖപ്പെടുത്തുന്നത്. 10 മുതല്‍ 17 ശതമാനം വരെയാണ് ഓഹരി വിലയില്‍ ഇടിവ് രേഖപ്പെടുത്തുന്നത്. പല മുന്‍നിര കമ്പനികളും ഓഹരി വിലയില്‍ വലിയ ഇടിവ് നേരിടുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍. ആളുകളുടെ ശീലത്തില്‍ വന്ന മാറ്റമാണ് ഇതിന് കാരണം. സിഗററ്റിന്റെ വില പല ബ്രാന്‍ഡുകളും ഗണ്യമായി ഉയര്‍ത്തിയതാണ് ആരോഗ്യ സംരക്ഷണത്തിനൊപ്പം ആളുകള്‍ പുകവലി ഉപേക്ഷിക്കുന്നതിനുള്ള മറ്റൊരു കാരണം.

ഈ വര്‍ഷം ഫെബ്രുവരി ഒന്നാം തീയതി മുതല്‍ നിലവില്‍ വന്ന അധിക എക്‌സൈസ് ഡ്യൂട്ടിയാണ് ഈ പ്രതിസന്ധിക്ക് പ്രധാന കാരണം. 40 ശതമാനം എന്ന ഏറ്റവും ഉയര്‍ന്ന ജിഎസ്ടി നിരക്കിന് പുറമെയാണ് സര്‍ക്കാര്‍ ഈ പുതിയ നികുതി ഏര്‍പ്പെടുത്തിയത്. ഇതിനെത്തുടര്‍ന്ന് സിഗരറ്റ് പായ്ക്കറ്റുകള്‍ക്ക് 22 രൂപ മുതല്‍ 55 രൂപ വരെ വില വര്‍ദ്ധിച്ചു. ഉയര്‍ന്ന വില വില്‍പനയെ ബാധിച്ചതോടെ മാര്‍ച്ചില്‍ വില്‍പനയില്‍ 5 ശതമാനത്തോളം ഇടിവുണ്ടായിട്ടുണ്ട്.

അതേസമയം വില വര്‍ദ്ധിപ്പിച്ചതിലൂടെ പോലും ലാഭത്തിലെത്താന്‍ കമ്പനികള്‍ക്ക് കഴിയുന്നില്ലെന്നാണ് വിലയിരുത്തല്‍. നികുതിയില്‍ വരുത്തിയ വര്‍ദ്ധനവ് മറികടക്കാന്‍ വില വര്‍ദ്ധനവ് കൊണ്ട് സാദ്ധ്യമാകില്ലെന്നത് തന്നെയാണ് ഇതിനുള്ള കാരണം. വില്‍പ്പന പത്ത് ശതമാനം കുറഞ്ഞാല്‍ പോലും ലാഭത്തില്‍ 15 മുതല്‍ 20 ശതമാനം വരെയുള്ള കുറവായിരിക്കും കമ്പനികള്‍ക്ക് നേരിടേണ്ടി വരിക. അതേസമയം, നിക്ഷേപങ്ങളിലേക്ക് വരുമ്പോള്‍ ദീര്‍ഘകാല നിക്ഷേപകരെ സംബന്ധിച്ച് ഈ സാഹചര്യം ആശങ്കയുണ്ടാക്കുന്ന ഒന്നല്ല എന്നാണ് വിദഗ്ദ്ധര്‍ പറയുന്നത്.