ഗുരുവായൂരിൽ പുലർച്ചെ 2.55 മുതൽ വിഷുക്കണി ദർശനം

Tuesday 14 April 2026 1:50 AM IST

ഗുരുവായൂർ: വിഷുപ്പുലരിയിൽ കണ്ണനെ കണികാണാൻ പതിനായിരങ്ങൾ ഇന്ന് രാത്രിയോടെയെത്തും. നാളെ പുലർച്ചെ 2.55 മുതൽ 3.55 വരെയാണ് വിഷുക്കണി ദർശനം. ഇന്ന് രാത്രി തൃപ്പുകയ്ക്ക് ശേഷം ശാന്തിയേറ്റ കീഴ്ശാന്തി കണിയൊരുക്കും. ശ്രീകോവിലിന്റെ മുഖമണ്ഡപത്തിലാണ് കണിയൊരുക്കുക.പൊതുവരിയിൽ കാത്തിരിക്കുന്ന ഭക്തർക്കാകും മുൻഗണന. തിരക്ക് പരിഗണിച്ച് മുതിർന്ന പൗരൻമാർ, പ്രാദേശികം വിഭാഗങ്ങളുടെ ദർശനം എന്നിവ ആദ്യമെത്തുന്ന 500 പേർക്ക് വീതമായി ടോക്കൺ മുഖേന പരിമിതപ്പെടുത്തും. പ്രാദേശിക വിഭാഗക്കാർക്ക് പടിഞ്ഞാറേ ഗോപുരത്തിന് പുറത്തു നിന്നും മുതിർന്ന പൗരൻമാർക്ക് ക്ഷേത്രത്തിന് പുറത്തെ നെയ് വിളക്ക് കൗണ്ടർ വഴിയും പുലർച്ചെ മൂന്നര മുതൽ ടോക്കൺ നൽകും. നെയ് വിളക്ക് വഴിപാട് ശീട്ടാക്കുന്നവർക്കുള്ള ദർശനം രാവിലെ 7 .30 മുതലാകും.