വാണിയമ്പലത്ത് 19കാരനെ വെട്ടിപ്പരിക്കേൽപ്പിച്ച പ്രതിക്കെതിരെ വധശ്രമത്തിന് കേസെടുത്തു

Tuesday 14 April 2026 12:53 AM IST

വണ്ടൂർ: വാണിയമ്പലത്ത് 19 വയസുകാരനെ വെട്ടിപ്പരിക്കേൽപ്പിച്ച കേസിലെ പ്രതിക്കെതിരെ വധശ്രമത്തിന് കേസെടുത്ത് വണ്ടൂർ പൊലീസ്. വെന്തോടൻപടി സ്വദേശി പുഴുത്തുണ്ണി മിഷാബാണ് കേസിലെ പ്രതി. വിസയുമായി ബന്ധപ്പെട്ട സാമ്പത്തിക പ്രശ്നങ്ങളാണ് ആക്രമണത്തിന് കാരണമെന്ന് പൊലീസ് പറഞ്ഞു. വണ്ടൂർ പാലാമഠം സ്വദേശി ഫഹദിനാണ് തലയ്ക്ക് പരിക്കേറ്റത്. കഴിഞ്ഞദിവസം രാത്രി 9.30ന് വാണിയമ്പലത്ത് വെച്ചായിരുന്നു ആക്രമണം. അക്രമണത്തിന് പിന്നിലെ കാരണമായി പൊലീസ് പറയുന്നത് പ്രതിയായ മിഷാബിന് ജിദ്ദയിലേക്ക് വിസ തരപ്പെടുത്തി കൊടുത്തത് ആക്രമണത്തിനിരയായ ഫഹദിന്റെ പിതാവാണ്. വിദേശത്ത് എത്തിയ മിഷാബിന് നേരത്തെ പറഞ്ഞ ജോലിക്കുള്ള വിസയല്ല കിട്ടിയതൊന്നും ശമ്പളം കുറവായിരുന്നെന്നും പരാതിയുണ്ടായിരുന്നു. ഇതുപ്രകാരം ഒന്നര ലക്ഷം രൂപ ഫഹദിന്റെ പിതാവ് തനിക്ക് നൽകാനുണ്ടെന്ന് മിഷാബ് പറഞ്ഞതായും പൊലീസ് പറഞ്ഞു. എട്ടുമാസത്തോളമായി പണം ആവശ്യപ്പെട്ടുള്ള തർക്കങ്ങൾ ഇവർക്കിടയിൽ നിലനിന്നതായും കഴിഞ്ഞ ദിവസവും ഇതുമായി ബന്ധപ്പെട്ട വാക്ക് തർക്കത്തെ തുടർന്ന് പ്രതി കത്തിയെടുത്ത് വീശുകയായിരുന്നു. തുടർന്ന് തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ ഫഹദിനെ വണ്ടൂർ നിംസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ഫഹദ് അപകടനില തരണം ചെയ്തിട്ടുണ്ട്. പ്രതിയെ പെരിന്തൽമണ്ണ കോടതിയിൽ ഹാജരാക്കി.