പടക്ക വിപണി ഉണർന്നു, വിഷു ഉഷാർ, ചടപട പൊട്ടും

Tuesday 14 April 2026 12:03 AM IST

പത്തനംതിട്ട : കണി കണ്ടാൽ മാത്രം പോരാ, വിഷു പൊലിക്കണമെങ്കിൽ പടക്കം പൊട്ടിക്കുകയും വേണം. അതും വെറയിറ്റിയിൽ പൊട്ടുന്ന പടക്കങ്ങൾ തന്നെവേണം. വിഷു ആഘോഷങ്ങൾക്കായി പടക്ക വിപണി സജീവമായിരിക്കുകയാണ്. ആകാശത്ത് വിസ്മയം തീർക്കുന്ന കുറ്റിപ്പടക്കങ്ങൾ തന്നെയാണ് വിഷുക്കാലത്തെ താരം. കൂടാതെ കമ്പിത്തിരി, കുടചക്രം, കുരവപ്പൂ എന്നിവയ്ക്കും ആവശ്യക്കാർ ഏറെയാണ്. തീതുപ്പുകയും കുരവപ്പൂപോലെ വർണം തെറിപ്പിക്കുകയും വർണപുക വമിപ്പിക്കുകയും ചെയ്യുന്ന വിവിധ തരം തോക്കുകളും (പൈറോ ഗൺ) വിപണിയിലുണ്ട്. ബാറ്ററിയിൽ പ്രവർത്തിപ്പിക്കുന്ന ഈ തോക്കിന് 300 രൂപ മുതലാണ് വില. ശിവകാശിയിൽ നിന്നാണ് കേരളത്തിലേക്കാവശ്യമായ പടക്കങ്ങളിൽ 95 ശതമാനവും എത്തുന്നത്. എന്നിരുന്നാലും ആകാശവിസ്മയം തീർക്കുന്ന നാടൻ പടക്കങ്ങൾക്ക് 400 മുതൽ 5000 രൂപ വരെ വിലയുണ്ട്. ചൈനീസ് പടക്കങ്ങൾക്കും വിപണിയിൽ പ്രിയമേറെയാണ്.

നീളുംതോറും കമ്പിത്തിരിക്ക് വില കൂടും

നീളത്തിനനുസരിച്ചാണ് കുട്ടികൾക്ക് ഏറെ ഇഷ്ടമുള്ള കമ്പിത്തിരിയുടെ വില. പായ്ക്കറ്റിന് 30 മുതൽ 100 രൂപ വരെയാണ് വില. കുടച്ചക്രത്തിന്റെ വില 75ൽ തുടങ്ങും. കുറ്റിപ്പടക്കങ്ങൾക്ക് 350രൂപ മുതലാണ് വില . ഇതിൽ രണ്ടു തട്ടായിപൊട്ടി വർണംപൊഴിക്കുന്ന പടക്കങ്ങളുടെ കുറഞ്ഞ വില 1250രൂപയാണ്. കുരവപ്പൂ ചെറുത് 10 എണ്ണം 75രൂപയ്ക്ക് ലഭിക്കും. വലുത് ഒരെണ്ണത്തിന് 60 രൂപയാണ് വില.

ഓലപ്പടക്കത്തിന് നിയന്ത്രണം

ഇലക്ഷൻ നിയന്ത്രണങ്ങൾ നിലനിൽക്കുന്നതിനാൽ സ്ഫോടനശേഷി കൂടുതലുള്ള പടക്കങ്ങൾക്ക് സർക്കാർ നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. ഇക്കാരണത്താൽ ഓലപ്പടക്കം, ചെറിയ ഗുണ്ട് എന്നിവയ്ക്കാണ് നിയന്ത്രണം.

കർശന നിബന്ധനകൾ പാലിക്കണം

പടക്കക്കട നടത്താൻ 2008ലെ എക്സ് പ്ലോസീവ് ആക്ട് പ്രകാരമുള്ള നിബന്ധനകൾ പാലിച്ച് സർക്കാർ , പൊല്യൂഷ്യൻ കൺട്രോൾ ബോർഡ്, തദ്ദേശ സ്ഥാപനം എന്നിവിടങ്ങളിൽ നിന്ന് ലൈസൻസ് നേടണം. പടക്കക്കടയിൽ മറ്റ് വസ്തുക്കൾ വിൽക്കാൻ പാടില്ല. ഇലക്ട്രിക് ഉപകരണങ്ങൾക്കും നിയന്ത്രണമുണ്ട്. 18 വയസിൽ താഴെ ഉള്ളവരെയും മദ്യപാനികൾ, ബുദ്ധി സ്ഥിരത ഇല്ലാത്തവർ എന്നിവരെയും ജോലിക്ക് വയ്ക്കാൻ പാടില്ല.