നിതിൻ രാജിന്റെ മരണം: കോളേജിൽ സംഘർഷം പ്രതിഷേധിച്ച് സംഘടനകൾ

Tuesday 14 April 2026 12:18 AM IST

കണ്ണൂർ: നിതിൻ രാജിന്റെ മരണത്തിൽ അദ്ധ്യാപകർക്കെതിരെ നടപടിയാവശ്യപ്പെട്ട് അഞ്ചരക്കണ്ടി ഡെന്റൽ കോളേജിൽ വിദ്യാർത്ഥി സംഘടനകളടക്കം നടത്തിയ പ്രതിഷേധം സംഘർഷത്തിൽ കലാശിച്ചു. പൊലീസും സമരക്കാരും തമ്മിൽ ഉന്തും തള്ളുമുണ്ടായി. കോളേജ് വിദ്യാർത്ഥികളും പ്രതിഷേധിച്ചു. എസ്.എഫ്‌.ഐ മാർച്ച് അക്രമാസക്തമായി. പൊലീസ് ബാരിക്കേഡ് മറികടന്ന് അകത്തുകടന്ന പ്രവർത്തകർ കോളേജിന് മുൻവശത്തെ കവാടത്തിന്റെ ഗ്ലാസും ക്യാമ്പസിലെ പൂച്ചട്ടികളും തകർത്തു.

രാവിലെ ഒമ്പതോടെ എത്തിയ കെ.എസ്.യു പ്രവർത്തകർ ബാരിക്കേഡ് മറികടന്ന് ക്യാമ്പസിനകത്ത് കയറി. പ്രവർത്തകരെ പൊലീസ് അറസ്റ്റു ചെയ്തു നീക്കി. പിന്നാലെയെത്തിയ എം.എസ്.എഫ് പ്രവർത്തകരെയും അറസ്റ്റു ചെയ്തു നീക്കി. ജനാധിപത്യ മഹിള അസോസിയേഷൻ പ്രവർത്തകരും പ്രതിഷേധ മാർച്ച് നടത്തി. ഡി.വൈ.എഫ്‌.ഐയും പ്രതിഷേധിച്ചു.

ബാരിക്കേഡ് മറികടന്ന് കോളേജിന് അകത്ത് കടന്ന ഫ്രറ്റേണിറ്റി മൂവ്‌മെന്റ് പ്രവർത്തകരെ പൊലീസ് അറസ്റ്റു ചെയ്തു നീക്കി. യുവമോർച്ച, ബി.ജെ.പി പ്രവർത്തകരും ബാരിക്കേഡ് മറികടന്ന് കോളേജിനകത്ത് കയറി. അറസ്റ്റ് ചെയ്തു നീക്കുന്നതിനിടെ പ്രവർത്തകരും പൊലീസും തമ്മിൽ ഉന്തുംതള്ളുമുണ്ടായി. എ.ഐ.വൈ.എഫ് പ്രവർത്തകർ ബാരിക്കേഡ് മറികടന്ന് പ്രതിഷേധിച്ചു.

'ഡോ. റാമിന്

കാലന്റെ റോൾ'

അഞ്ചരക്കണ്ടി ഡെന്റൽ കോളേജ് അനാട്ടമി വിഭാഗം മേധാവി ഡോ. എം.കെ.റാമിന് കാലന്റെ റോളാണെന്ന് കെ.എസ്.യു ജില്ലാ പ്രസിഡന്റ് എം.സി.അതുൽ. കെ.എസ്.യു പ്രവർത്തകരെ പൊലീസ് അറസ്റ്റു ചെയ്തു നീക്കുന്നതിനിടെ ആയിരുന്നു പ്രതികരണം. നമ്മൊളൊക്കെ ചാകേണ്ടി വന്നാലും പ്രതിഷേധത്തിൽ നിന്നും പിന്മാറില്ലെന്നും പറഞ്ഞു.