നെല്ല് വിളവ് വർദ്ധിച്ചിട്ടും പാലക്കാട്ടെ കർഷകർക്ക് സങ്കടം മാത്രം മിച്ചം

Tuesday 14 April 2026 1:25 AM IST
നെല്ല് സംഭരണം(ഫയൽ ചിത്രം)

മാത്തൂർ: വിളവ് കുറഞ്ഞാൽ നഷ്ടക്കണക്കിന്റെ ഭാരംപേറി നടക്കുന്ന നെൽകർഷകർക്ക് വിളവ് വർദ്ധിച്ചാൽ ആഹ്ലാദിക്കേണ്ടതിന് പകരം സർക്കാരിന്റെ നയവൈകല്യം മൂലം സമാധാനക്കേടു മാത്രമാണ് മിച്ചം. രണ്ടാംവിളയിൽ പാലക്കാട് ജില്ലയിലെ നെൽ കർഷകർക്ക് ഇത്തവണ മികച്ച വിളവ് ലഭിച്ചിരുന്നു. ഭൂരിഭാഗം കർഷകർക്കും ഒരു ഏക്കർ കൃഷിയിൽ നിന്നും 2600 മുതൽ 3000 കിലോ വരെ നെല്ല് ലഭിച്ചിട്ടുണ്ട്. സപ്ലൈകോയ്ക്ക് നൽകിയാൽ പണം കിട്ടാൻ വൈകുമെങ്കിലും തരക്കേടില്ലാത്ത വില കിട്ടും. പക്ഷേ ഒരു ഏക്കർ കൃഷിയിൽ നിന്നും 2200 കിലോ വരെ മാത്രം നെല്ല് സംഭരിച്ചാൽ മതിയെന്നായിരുന്നു സപ്ലൈക്കോയുടെ നിർദേശം.

കൃഷിക്കാരുടെ നിരന്തര പരാതിയും സമ്മർദ്ദവും കണക്കിലെടുത്ത് കഴിഞ്ഞ ദിവസം ജില്ല കലക്ടറുടെ സാന്നിദ്ധ്യത്തിൽ നടന്ന ചർച്ചയിൽ ഏക്കറിന് 2500 കിലോ വരെ നെല്ല് സംഭരിക്കാൻ നിർദേശിച്ചിരുന്നു. എന്നാലും ബാക്കിയുള്ള നെല്ല് എന്തു ചെയ്യണമെന്നറിയാത്ത ആശങ്കയിലാണ് കർഷകർ. സന്ദർഭം മുതലാക്കി സ്വകാര്യ മില്ലുടമകൾ രംഗത്തെത്തിയിട്ടുണ്ട്. അധികം വരുന്ന നെല്ല് കുറഞ്ഞ വിലയ്ക്ക് സംഭരിക്കാനുള്ള നീക്കത്തിലാണിവർ. കിലോക്ക് 21 രൂപ നൽകാമെന്നാണ് ഇവർ പറയുന്നത്. ഏതാനും മാസം മുമ്പ് ഒന്നാം വിള കൊയ്ത്ത് സമയത്ത് സ്വകാര്യ ഏജൻസികൾ ഒരു കിലോ നെല്ലിന് 31രൂപ വരെ നൽകിയിരുന്നതായി കർഷകർ പറഞ്ഞു. അന്നത്തെക്കാൾ 10 രൂപ കുറച്ച് 21 രൂപയ്ക്ക് സ്വകാര്യ മില്ലുകൾക്ക് നെല്ല് നൽകിയാൽ കർഷകർക്ക് ഭീമമായ നഷ്ടമുണ്ടാകും. വേനൽമഴ പേടിച്ച് കർഷകർ കിട്ടിയ വിലയ്ക്ക് സ്വകാര്യ കച്ചവടക്കാർക്ക് നെല്ലുവിൽക്കാൻ നിർബന്ധിതരാണെന്നും കർഷകരെ ചൂഷണം ചെയ്യുന്ന അവസ്ഥ ഒഴിവാക്കാൻ രണ്ടാവിള നെല്ലു മുഴുവൻ സംഭരിക്കാൻ കൃഷി വകുപ്പ് ഉത്തരവിറക്കണമെന്നും കർഷക കോൺഗ്രസ് ജില്ല ഭാരവാഹി പി.വി. പങ്കജാക്ഷൻ ആവശ്യപ്പെട്ടു.