മത്തിക്ക് വില ഇരട്ടിയായി; അയലയും ചെമ്മീനും നെയ്മീനും കൂട്ടി ഊണ് കഴിച്ചാല്‍ പോക്കറ്റ് കാലിയാകും

Tuesday 14 April 2026 12:12 AM IST

കൊച്ചി: പശ്ചിമേഷ്യന്‍ യുദ്ധത്തെത്തുടര്‍ന്ന് മണ്ണെണ്ണവില വര്‍ദ്ധിപ്പിച്ചത് മത്സ്യപ്രിയരായ മലയാളികള്‍ക്കും തിരിച്ചടിയായി. ലിറ്ററിന് 52.37 രൂപയാണ് വര്‍ദ്ധിപ്പിച്ചത്. ബോട്ടുകളുടെ ചെലവ് കൂടുകയും മീന്‍ ലഭ്യത കുറയുകയും ചെയ്തതോടെ ജനപ്രിയമത്സ്യങ്ങള്‍ക്ക് വില ഇരട്ടിയായി.

സബ്‌സിഡി മണ്ണെണ്ണ 103 രൂപയ്ക്കാണ് നല്‍കിയിരുന്നത്. 52.37 രൂപ വര്‍ദ്ധിപ്പിച്ചതോടെ 155.37 രൂപയായി. ലിറ്ററിന് 25 രൂപ സംസ്ഥാന സര്‍ക്കാര്‍ സബ്‌സിഡി കുറച്ചാണ് വില. എണ്ണക്കമ്പനികള്‍ വിലവര്‍ദ്ധിപ്പിച്ച വിവരം അറിയിച്ച് മത്സ്യഫെഡ് ഉത്തരവിറക്കി. നിലവിലെ ശേഖരം തീരുന്നതോടെ പുതിയവില നിലവില്‍ വരും.

ഇന്‍ബോര്‍ഡ് എന്‍ജിന്‍ ബോട്ടുകള്‍ക്ക് വിലവര്‍ദ്ധനവ് അധികച്ചെലവ് സൃഷ്ടിക്കുമെന്ന് മത്സ്യത്തൊഴിലാളികള്‍ പറഞ്ഞു. സര്‍ക്കാര്‍ അംഗീകൃത ബോട്ടുകള്‍ക്ക് 140 മുതല്‍ 190 ലിറ്റര്‍വരെയാണ് സബ്‌സിഡി നിരക്കില്‍ ലഭിക്കുന്നത്. 50 തൊഴിലാളികളുള്ള ഇന്‍ബോര്‍ഡ് ബോട്ടിന് ഒരുദിവസം 40,000 രൂപ വരെയാണ് ചെലവ്.

സബ്‌സിഡി മണ്ണെണ്ണകൊണ്ട് ഏതാനും ദിവസമേ പ്രവര്‍ത്തിക്കാന്‍ കഴിയൂ. കരിഞ്ചന്തയില്‍നിന്ന് കൂടിയവിലയ്ക്കാണ് വാങ്ങുന്നത്. സര്‍ക്കാര്‍ വിലവര്‍ദ്ധിക്കുമ്പോള്‍ കരിഞ്ചന്തയിലും വന്‍തോതില്‍ വര്‍ദ്ധിക്കും.

തീരംവിട്ട് മത്സ്യങ്ങള്‍

കരയിലും കടലോരത്തും ചൂട് വര്‍ദ്ധിച്ചതോടെ മത്സ്യങ്ങള്‍ തീരത്തുനിന്ന് 50 കി?ലോമീറ്റര്‍ ഉള്ളിലേക്കു മാറി. തീരദേശത്ത് പ്രവര്‍ത്തിക്കുന്ന പരമ്പരാഗത ബോട്ടുകള്‍ക്ക് കൂടുതല്‍ ദൂരം സഞ്ചരിക്കേണ്ടി?വരുമ്പോള്‍ മണ്ണെണ്ണച്ചെലവ് വര്‍ദ്ധിക്കും.

ഒരുമാസംമുമ്പ് 100രൂപയ്ക്ക് ലഭിച്ചിരുന്ന ഇടത്തരം മത്തിക്ക് 200 രൂപയിലേറെയായി. അയല, നെയ്മീന്‍, ചെമ്മീന്‍ തുടങ്ങിയ ജനപ്രിയ മത്സ്യങ്ങള്‍ക്കും വിലക്കയറ്റമുണ്ടാകും.

''നിലവിലെ ശേഖരം പഴയ വിലയില്‍ത്തന്നെ നല്‍കും. പിന്നീട് വില വര്‍ദ്ധിപ്പിക്കും. വിലയും ക്വാട്ടയും നിശ്ചയിക്കുന്നത് കേന്ദ്ര സര്‍ക്കാരാണ്. - ടി. മനോഹരന്‍, ചെയര്‍മാന്‍ മത്സ്യഫെഡ്

''കടക്കെണിയില്‍ അകപ്പെട്ട മത്സ്യത്തൊഴിലാളികള്‍ക്ക് മണ്ണെണ്ണ വിലവര്‍ദ്ധന കടുത്ത പ്രതിസന്ധി സൃഷ്ടിക്കും. സബ്‌സിഡി 50 രൂപയായി വര്‍ദ്ധിപ്പിക്കുമെന്ന് അഞ്ചുവര്‍ഷം മുമ്പ് ബഡ്ജറ്റില്‍ പ്രഖ്യാപിച്ചത് നടപ്പാക്കണം. - ചാള്‍സ് ജോര്‍ജ്, പ്രസിഡന്റ്, കേരള മത്സ്യത്തൊഴിലാളി ഐക്യവേദി