തട്ടുകടയിൽ അക്രമം നടത്തിയ യുവാക്കളുടെ കാറിൽ ലഹരി വസ്തുക്കൾ

Tuesday 14 April 2026 12:18 AM IST
തട്ടുകടയിലെ അക്രമത്തിൽ പിടിയിലായ പ്രതികൾ

 മൂന്നു പേർ പിടിയിൽ

കൊല്ലം: തട്ടുകടയി​ൽ ഭക്ഷണം കഴി​ക്കാനെത്തി​യ ശേഷം ആക്രമണം നടത്തി ഭീകരാന്തരീക്ഷം സൃഷ്ടിച്ച യുവാക്കൾ പിടിയിൽ. ഇവർ സഞ്ചരിച്ചുവെന്ന് കരുതുന്ന വാഹനത്തിൽ നിന്ന് 19 ചാക്ക് നിരോധിത പുകയില ഉത്പന്നങ്ങളും പൊലീസ് പിടികൂടി.

കണ്ണനല്ലൂർ ഷർമി മൻസിലിൽ ഷഹാർ (28), മുഖത്തല പാങ്കോണം കടയിൽ വീട്ടിൽ അജ്മൽ (35), നെടുമ്പന അജ്മൽ മൻസിലിൽ അമൽ (21) എന്നിവരാണ് കൊട്ടിയം പൊലീസിന്റെ പിടിയിലായത്. കഴിഞ്ഞ ചൊവ്വാഴ്ച രാത്രി 8ന് മുഖത്തല തടത്തിൽ ജംഗ്ഷന് സമീപമുള്ള തട്ടുകടയിൽ ഭക്ഷണം കഴിക്കാനെത്തിയ പ്രതികൾ തട്ടുകട ജീവനക്കാരനെയും സമീപത്ത് നിന്നിരുന്ന ആളെയും ഭക്ഷണത്തിന്റെ കാര്യം പറഞ്ഞ് ആക്രമിക്കുകയായിരുന്നു. ഷഹാർ കൈയിൽ കരുതിയിരുന്ന കത്തികൊണ്ടും അജ്മൽ കമ്പിവടികൊണ്ടും ആക്രമിച്ച് മാരകയായി പരിക്കേൽപ്പിച്ചു.

പ്രതികൾ നടത്തിയ ആക്രമസംഭവങ്ങൾ ഫോണിൽ ചിത്രികരിച്ചു എന്നാരോപിച്ച് സംഭവസ്ഥലത്തുണ്ടായിരുന്ന ബിനുവിനെ അടി​ച്ച് പരിക്കേൽപ്പക്കുകയും ഫോൺ തകർക്കുകയും ചെയ്തു. കൊട്ടിയം പൊലീസ് കേസെടുത്തതോടെ ഒളിവിൽ പോയ പ്രതികളെ കോഴിക്കോട്ടു നിന്ന് ഇന്നലെ കൊട്ടിയം പൊലീസ് പിടികൂടി​. സംഘത്തിലുണ്ടായിരുന്ന രണ്ടു പേരെക്കുറിച്ച് പൊലീസിന് സൂചന ലഭിച്ചിട്ടുണ്ട്. കൊട്ടിയം പൊലീസ് ഇൻസ്‌പെക്ടർ അജിത്കുമാറിന്റെ നേതൃത്വത്തിൽ എസ്.ഐ ഇൻസമാം, സി.പി.ഒമാരായ ചന്തു, അരുൺകുമാർ, ഹരീഷ് എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്.

അടി വീണപ്പോൾ കാർ ഉപേക്ഷിച്ചു

തട്ടുകടയിലെ അക്രമത്തിന് ശേഷം, പ്രതികൾ സഞ്ചരിച്ചിരുന്ന കാർ ഉപേക്ഷിച്ചു. മുഖത്തല തടത്തിമുക്കിലെ ഒഴിഞ്ഞ പുരയിടത്തിൽ സംശയാസ്പദ സാഹചര്യത്തി​ൽ കാർ കിടക്കുന്നത് പ്രദേശവാസി കണ്ണനല്ലൂർ പൊലീസിനെ അറിയിച്ചു. പൊലീസെത്തി നടത്തിയ പരിശോധനയിൽ കാറിൽ നിന്ന് 19 ചാക്കുകളിലായി 12 ലക്ഷം രൂപയോളം വരുന്ന പുകയില ഉത്പന്നങ്ങൾ കണ്ടെടുത്തു.

അമ്പലപ്പുഴ സ്വദേശിയുടെ ഉടമസ്ഥതയിലുള്ളതാണ് കാർ. ഉടമസ്ഥനിൽ നിന്നു വാടകയ്ക്കെടുത്ത കാർ പല കൈകൾ മറിഞ്ഞാണ് ലഹരി കടത്ത് സംഘത്തിന്റെ കൈയിൽ എത്തിയത്. കണ്ണനല്ലൂർ എസ്.ഐ കൃഷ്ണലാലിന്റെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥർ സ്ഥലത്തെത്തി ലഹരി ഉത്പന്നങ്ങൾ സഹിതം കാർ സ്റ്റേഷനിലേക്ക് കൊണ്ടുപോയി. എ.എസ്.ഐ ജയേഷ് കുമാർ, സീനിയർ സി.പി.ഒ പ്രജീഷ്, സി.പി.ഒ കെവിൻ ജോസ് എന്നിവരും സംഘത്തിൽ ഉണ്ടായിരുന്നു.