കേരള ക്രിക്കറ്റിന്റെ വിജയഗാഥയുമായി അമയ് ഖുറേസ്യയുടെ പുസ്തകം

Tuesday 14 April 2026 12:19 AM IST

ഭോപ്പാൽ : മുൻ ഇന്ത്യൻ ക്രിക്കറ്റ് താരവും കേരള ടീം പരിശീലകനുമായ അമയ് ഖുറേസ്യ രചിച്ച ' 74 വർഷങ്ങൾക്ക് ശേഷം" എന്ന പുസ്തകം മധ്യപ്രദേശ് മുഖ്യമന്ത്രി ഡോ. മോഹൻ യാദവ് പ്രകാശനം ചെയ്തു. ഭോപ്പാലിലെ മുഖ്യമന്ത്രിയുടെ വസതിയിൽ നടന്ന ചടങ്ങിൽ അമയ് ഖുറാസിയയുടെ മകളും പുസ്തകത്തിന്റെ സഹരചയിതാവുമായ അമയ്സി കീർത്തി ഖുറാസിയയും പങ്കെടുത്തു. ഭഗവാൻ ശ്രീകൃഷ്ണൻ ഗീതയിലൂടെ പകർന്നുനൽകിയ കാലാതീതമായ ഉപദേശങ്ങളും യുദ്ധതന്ത്രങ്ങളും ആധുനിക സ്പോർട്സ് മേഖലയിൽ എങ്ങനെ പ്രയോഗിക്കാമെന്ന വേറിട്ട ചിന്തയാണ് പുസ്തകം പങ്കുവെക്കുന്നത്. പരിശീലകൻ എന്ന നിലയിൽ കേരള ക്രിക്കറ്റിന്റെ വളർച്ചയിൽ നടപ്പിലാക്കിയ മൂല്യങ്ങളെയും തന്ത്രങ്ങളെയും ഖുറാസിയ പുസ്തകത്തിൽ വിശദീകരിക്കുന്നു. രഞ്ജി ട്രോഫിയുടെ 74 വർഷത്തെ ചരിത്രത്തിൽ ആദ്യമായി കേരളം ഫൈനലിൽ പ്രവേശിച്ചതും, ദുലീപ് ട്രോഫിയിലേക്ക് ഒരേസമയം ആറ് കേരള താരങ്ങൾ തിരഞ്ഞെടുക്കപ്പെട്ടതും ഈ പുരാതന ജ്ഞാനത്തിന്റെ വിജയമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. നടൻ മോഹൻലാൽ പുസ്തകത്തെക്കുറിച്ചുള്ള അഭിപ്രായങ്ങൾ രേഖപ്പെടുത്തിയിട്ടുണ്ട്. സ്പോർട്സും ആത്മീയതയും സമന്വയിക്കുന്ന കൃതി നിലവിൽ ഇംഗ്ലീഷ്, ഹിന്ദി ഭാഷകളിൽ ലഭ്യമാണ്.