പ്രധാനമന്ത്രിയുടെ സന്ദർശനത്തിനിടെ സിഐയെ കയ്യേറ്റം ചെയ്ത സംഭവം; എസ്ഐയ്ക്ക് സസ്‌പെൻഷൻ

Tuesday 14 April 2026 1:45 PM IST

തിരുവനന്തപുരം: പ്രധാനമന്ത്രിയുടെ തിരുവല്ല സന്ദർശനത്തിനിടെ സർക്കിൾ ഇൻസ്‌പെക്ടറെ കയ്യേറ്റം ചെയ്ത് സംഭവത്തിൽ മ്യൂസിയം പൊലീസ് സ്റ്റേഷനിലെ പ്രൊബേഷണറി എസ്ഐ കൃഷ്ണമോഹന് സസ്പെൻഷൻ. സിറ്റി പൊലീസ് കമ്മീഷണറാണ് സസ്പെൻഡ് ചെയ്തത്. നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി പ്രധാനമന്ത്രി എത്തിയപ്പോഴായിരുന്നു സംഭവം.

ഔദ്യോഗിക ഡ്യൂട്ടിയിൽ ഇല്ലാതിരുന്നിട്ടും പ്രധാനമന്ത്രിയെ കാണാനായി കൃഷ്ണമോഹൻ എത്തി. എന്നാൽ ചടങ്ങിൽ പ്രവേശിക്കുന്നതിനായുള്ള ഔദ്യോഗിക പാസ് ഇദ്ദേഹത്തിന്റെ പക്കൽ ഉണ്ടായിരുന്നില്ല. പാസില്ലാതെ അകത്തേക്ക് കയറാൻ ശ്രമിച്ച എസ്ഐയെ തിരുവല്ല സിഐ തടയുകയും അവിടെ നിന്ന് തിരികെ പോകാൻ ആവശ്യപ്പെടുകയും ചെയ്തു.

എന്നാൽ പിന്നാലെ ഉണ്ടായ വാക്കേറ്റമാണ് സിഐയെ കയ്യേറ്റം ചെയ്യുന്നതിലേക്ക് നയിച്ചത്. സംഭവത്തെത്തുടർന്ന് കൃഷ്ണമോഹനെതിരെയും ഇദ്ദേഹത്തിന്റെ ഒപ്പമുണ്ടായിരുന്ന രണ്ട് സുഹൃത്തുക്കൾക്കെതിരെയും പൊലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. ആക്രമണം നടത്തിയ കൃഷ്ണമോഹൻ ഒരു പൊലീസ് ഉദ്യോഗസ്ഥനാണെന്ന് പിന്നീട് നടത്തിയ അന്വേഷണത്തിലാണ് മനസിലായത്.