നിതിൻ രാജിന്റെ മരണം; ഡോ. റാമിനെ പുറത്താക്കാനൊരുങ്ങി കോളേജ് മാനേജ്‌മെന്റ്, ക്ലിനിക്ക് അടച്ചുപൂട്ടി

Tuesday 14 April 2026 3:54 PM IST

കണ്ണൂർ: അ‌ഞ്ചരക്കണ്ടി ഡെന്റൽ കോളേജിലെ ബിഡിഎസ് വിദ്യാർത്ഥി നിതിൻ രാജിന്റെ മരണവുമായി ബന്ധപ്പെട്ട് ആരോപണവിധേയനായ ഡോ. കെ റാമിനെ കോളേജിൽ നിന്ന് പുറത്താക്കും. ഇന്ന് ചേർന്ന കോളേജ് മാനേജ്‌മെന്റ് യോഗത്തിലാണ് ഡോ. റാമിനെ സ്ഥാപനത്തിൽ നിന്ന് പുറത്താക്കാൻ തീരുമാനിച്ചത്. എന്നാൽ, ഇക്കാര്യം കോളേജ് മാനേജ്‌മെന്റ് ഇതുവരെ ഔദ്യോഗികമായി അറിയിച്ചിട്ടില്ല.

കണ്ണൂർ ഡെന്റൽ കോളേജിലെ അദ്ധ്യാപകനും ഓറൽ പതോളജി വിഭാഗം മേധാവിയുമാണ് ഡോ. കെ റാം. നിതിൻ രാജിന്റെ ആത്മഹത്യയ്‌ക്ക് മുമ്പും ഇയാൾക്കെതിരെ നിരവധി ആരോപണങ്ങൾ ഉയർന്നിരുന്നു. നിതിന്റെ ആത്മഹത്യയ്‌ക്ക് പിന്നാലെ കൂടുതൽ വിദ്യാർത്ഥികൾ റാമിനെതിരെ ഗുരുതരമായ ആരോപണങ്ങൾ ഉന്നയിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് റാമിനെ സ്ഥാപനത്തിൽ നിന്ന് സ്ഥിരമായി പുറത്താക്കാൻ മാനേജ്‌മെന്റ് തീരുമാനിച്ചത്.

നിതിൻ രാജിന്റെ മരണത്തിൽ ഡോ. റാമിനൊപ്പം ആരോപണവിധേയയായ ഡോ. സംഗീത നമ്പ്യാർക്കെതിരെ അന്വേഷണത്തിന് ശേഷം കൂടുതൽ നടപടികൾ സ്വീകരിച്ചാൽ മതിയെന്നും മാനേജ്‌മെന്റ് യോഗത്തിൽ ധാരണയായിട്ടുണ്ട്. ഡോ. റാമും ഡോ. സംഗീതയും നിലവിൽ സസ്‌പെൻഷനിലാണ്. നിതിന്റെ മരണവുമായി ബന്ധപ്പെട്ട് പൊലീസ് രജിസ്റ്റർ ചെയ്‌ത രണ്ട് കേസുകളിൽ ഡോ. റാം പ്രതിയാണ്. ആത്മഹത്യാപ്രേരണക്കുറ്റം ചുമത്തിയും പട്ടികജാതി - പട്ടികവർഗ അതിക്രമനിരോധന നിയമപ്രകാരവുമാണ് ഇയാൾക്കെതിരെ കേസെടുത്തിരിക്കുന്നത്.

ആന്ധ്രാപ്രദേശ് സ്വദേശിയായ ഡോ. റാം ഇപ്പോഴും ഒളിവിലാണ്. ഇയാൾക്കായുള്ള തെരച്ചിൽ തുടരുകയാണെന്ന് പൊലീസ് പറഞ്ഞു. ഇതിനിടെ കണ്ണൂർ പാലയോടുള്ള ഡോ. റാമിന്റെ ഡെന്റൽ ക്ലിനിക്കിലേക്ക് ഡിവൈഎഫ്‌ഐ പ്രവർത്തകർ മാർച്ച് സംഘടിപ്പിച്ചു. ക്ലിനിക്ക് അടച്ചുപൂട്ടിയെന്ന ബോർഡും സ്ഥാപിച്ചു.