ലോകകപ്പിലെ വെടിക്കെട്ട് പ്രകടനം, പിന്നാലെ ഐസിസി പ്ളെയർ ഓഫ് ദ മന്ത് ആയി 'ചേട്ടൻ', അഭിമാനമായി സഞ്ജു

Tuesday 14 April 2026 4:34 PM IST

മുംബയ്: ട്വന്റി 20 ലോകകപ്പ് കിരീടം ഇന്ത്യൻ ടീമിന്റെ കൈയിലെത്തിക്കാൻ വേണ്ടി കളിച്ച ആ കിടിലൻ പ്രകടനങ്ങൾക്ക് ഐസിസി അംഗീകാരം. മാർച്ച് മാസത്തിലെ ഐസിസി പ്‌ളെയർ ഓഫ് ദ മന്ത് ആയി മലയാളി താരം സഞ്ജു സാംസണെ തിരഞ്ഞെടുത്തു. ഇത് ആദ്യമായാണ് സഞ്ജുവിന് ഐസിസിയുടെ പുരസ്‌കാരം ലഭിക്കുന്നത്. ഈ സ്ഥാനം നേടുന്ന ആദ്യ മലയാളിയും സഞ്ജു തന്നെ. വനിതാ വിഭാഗത്തിൽ ന്യൂസിലാൻഡിന്റെ ഓൾറൗണ്ടർ മെലി കെർ പുരസ്‌കാരത്തിന് അർഹയായി.

സൂപ്പർ‌താരം ബുംറയെയടക്കം പിന്തള്ളിയാണ് ‌സഞ്ജു പുരസ്‌കാരം നേടിയത്. 'ഐസിസി പ്‌ളെയർ ഓഫ് ദി മന്ത് നേടുക എന്നത് അവിശ്വസനീയമായൊരു വികാരമാണ്. പ്രത്യേകിച്ച് എന്റെ ക്രിക്കറ്റ് ജീവിതത്തിൽ അവിസ്‌മരണീയമായ ഘട്ടത്തിൽ അത് ലഭിക്കുമ്പോൾ. ട്വന്റി20 ലോകകപ്പിലെ ഇന്ത്യയുടെ വിജയത്തിൽ പങ്കാളിയാകാൻ കഴിഞ്ഞത് ഒരു സ്വപ്‌ന സാക്ഷാത്കാരം ആയിരുന്നു.' പുരസ്‌കാര നേട്ടത്തെക്കുറിച്ച് സഞ്ജു പറഞ്ഞു. മൂന്ന് അർത്ഥസെഞ്ച്വറികളുടെ ബലത്തിൽ 80.25 ശരാശരിയിൽ 321 റൺസാണ് സഞ്ജു ലോകകപ്പിൽ നേടിയത്. സൂപ്പർ 8 മത്സരത്തിൽ വെസ്റ്റ് ഇൻഡീസിനെതിരെ പുറത്താകാതെ നേടിയ 97 റൺസ്, സെമിയിൽ ഇംഗ്‌ളണ്ടിനെതിരെ നേടിയ 89 റൺസ്, ഫൈനലിൽ ന്യൂസിലാൻഡിനെതിരെ നേടിയ 89 റൺസ് എന്നിവ ഇന്ത്യയ്‌ക്ക് നൽകിയത് മറ്റൊരു കിരീട നേട്ടമാണ്. പരമ്പരയിലെ താരമായും സഞ്ജുവിനെ തിരഞ്ഞെടുക്കാൻ ഈ പ്രകടനം കാരണമായി.