അബുദാബി ബിഗ്‌ ടിക്കറ്റ്; ഏപ്രിൽ മാസം കോളടിച്ചത് മലയാളികൾക്ക്, ഭാഗ്യവാന്മാരിൽ നാല് ഇന്ത്യക്കാർ

Tuesday 14 April 2026 4:57 PM IST

അബുദാബി: ഏപ്രിൽ മാസത്തെ ബിഗ് ടിക്കറ്റ് വാരാന്ത്യ ഇ - നറുക്കെടുപ്പിൽ ഭാഗ്യം തേടിയെത്തിയത് പ്രവാസി മലയാളികൾ ഉൾപ്പെടെ നാല് ഇന്ത്യക്കാ‌ർക്ക്. ഓരോരുത്തർക്കും 25,000 ദിർഹം (ഏകദേശം 6,35,289 രൂപ) വീതമാണ് സമ്മാനമായി ലഭിച്ചത്. മലയാളികളായ അൻസിൽ നാസർ, അമൃത ബാബു, ഫാത്തിമ അഫീദ എന്നിവരും മംഗളൂരു സ്വദേശിനി വീര ലോബോയും ആണ് ഈ ആഴ്‌ചയിലെ വിജയികൾ.

എയർ അറേബ്യയിൽ എയർക്രാഫ്‌റ്റ് ടെക്‌നീഷ്യമായി ജോലി ചെയ്യുകയാണ് കണ്ണൂർ സ്വദേശിയായ അൻസിൽ നാസർ (33). 2022 മുതൽ യുഎഇയിൽ താമസിക്കുന്ന അൻസിൽ നേരത്തേ കൂട്ടുകാരുമായി ചേർന്ന് ടിക്കറ്റെടുത്തിരുന്നു. ഇത്തവണ തനിച്ചെടുത്ത ടിക്കറ്റിനാണ് ഭാഗ്യദേവത കടാക്ഷിച്ചത്.

അമൃത ബാബു (30) തൃശൂർ സ്വദേശിനിയാണ്. ഷാർജയിലെ ജെംസ് സ്‌കൂളിൽ ടീച്ചിംഗ് അസിസ്റ്റന്റായി ജോലി ചെയ്യുന്ന അമൃത കഴിഞ്ഞ എട്ട് വർഷമായി യുഎഇയിൽ തന്നെയാണ് താമസം. നാലാം തവണ എടുത്ത ടിക്കറ്റിനാണ് അമൃതയ്‌ക്ക് സമ്മാനം ലഭിച്ചത്.

ഫാത്തിമ അഫീദ കഴിഞ്ഞ അഞ്ച് വർഷമായി ബിഗ് ടിക്കറ്റ് എടുക്കുന്നുണ്ട്. അപ്രതീക്ഷിതമായി സമ്മാനം കിട്ടിയതിന്റെ ഞെട്ടലിലാണ് കുടുംബം. സമ്മാനത്തുക എന്ത് ചെയ്യണമെന്ന കാര്യത്തിൽ ഇപ്പോൾ തീരുമാനമെടുത്തിട്ടില്ലെന്ന് ഫാത്തിമ വ്യക്തമാക്കി.

കാൽനൂറ്റാണ്ടായി പ്രവാസജീവിതെ നയിക്കുന്ന കർണാകട മംഗളൂരു സ്വദേശിനി വീര ലോബോക്ക് (50) പിറന്നാൾ ദിനത്തിലാണ് ബിഗ് ടിക്കറ്റ് സമ്മാനമായി ലഭിച്ചത്. ദുബായിൽ റിസപ്‌ഷനിസ്റ്റായി ജോലി ചെയ്യുന്ന വീര ഈസ്റ്റർ ദിനത്തിലാണ് ടിക്കറ്റെടുത്തത്.