മഴയും കാറ്റും; കൊന്നപ്പൂക്കൾ കൊഴി​ഞ്ഞു

Wednesday 15 April 2026 12:45 AM IST

റാന്നി: ഐശ്വര്യത്തിന്റെയും സമൃദ്ധിയുടെയും പ്രതീകമായി വീണ്ടുമൊരു വിഷുക്കാലം കൂടി എത്തിയെങ്കിലും കണിയൊരുക്കാൻ കൊന്നപ്പൂക്കൾ കിട്ടാതെ മലയോര ജനത വലഞ്ഞു. ഇത്തവണ ടൗണുകളിൽ മാത്രമല്ല, ഗ്രാമപ്രദേശങ്ങളിലും കൊന്നപ്പൂക്കൾക്ക് വൻ ക്ഷാമമാണ് അനുഭവപ്പെട്ടത്. വേനൽമഴയും കടുത്ത കാറ്റുമാണ് കണിക്കൊന്നകളുടെ നിറം കെടുത്തിയത്.

സാധാരണഗതിയിൽ വിഷുവിന് ആഴ്ചകൾക്ക് മുൻപേ കൊന്നകൾ പൂത്തുലയാറുണ്ട്. ഇത്തവണയും മിക്ക മരങ്ങളും നേരത്തെതന്നെ പൂവിട്ടിരുന്നെങ്കിലും, കഴിഞ്ഞ ദിവസങ്ങളിൽ പെയ്ത അപ്രതീക്ഷിത വേനൽമഴയും ശക്തമായ കാറ്റും വിരിഞ്ഞുനിന്ന പൂക്കളെയെല്ലാം കൊഴിച്ചുകളഞ്ഞു. അവശേഷിച്ച മൊട്ടുകൾ മഴയേറ്റ് ചീഞ്ഞുപോയതും പ്രതിസന്ധി രൂക്ഷമാക്കി.

മുൻകാലങ്ങളിൽ നഗരപ്രദേശങ്ങളിൽ മാത്രമായിരുന്നു കൊന്നപ്പൂക്കൾ വിലകൊടുത്ത് വാങ്ങിയിരുന്നത്. തൊടിയിലെ മരങ്ങളിൽ നിന്ന് സുലഭമായി കിട്ടിയിരുന്ന പൂക്കൾക്കായി ഇത്തവണ സമീപപ്രദേശങ്ങളെ ആശ്രയി​ക്കുകയായി​രുന്നു പലരും. കണിക്കൊന്ന കിട്ടാനില്ലെങ്കിലും പ്ളാസ്റ്റി​ക്ക് കൊണ്ടുള്ള കൊന്നപ്പൂക്കൾ കൊണ്ട് കണി​യൊരുക്കി​യവരുമുണ്ട്.