തുറവൂർ താലൂക്ക് ആശുപത്രിയിൽ വൻ അഗ്നിബാധ # ആളപായമില്ല,​ ഒന്നേകാൽ കോടിയുടെ മരുന്നുകൾ കത്തിനശിച്ചു

Wednesday 15 April 2026 12:00 AM IST

തുറവൂർ: തുറവൂർ താലൂക്ക് ആശുപത്രിയിൽ മരുന്നുകൾ സൂക്ഷിക്കുന്ന താത്ക്കാലിക കെട്ടിടത്തിന് തീ പിടിച്ചു,​ ആളപായമില്ല. ഒന്നേകാൽ കോടിയുടെ മരുന്നുകൾ കത്തിനശിച്ചെന്നാണ് പ്രഥമിക നിഗമനം. ഇന്നലെ രാവിലെ 9.30ഓടെയായിരുന്നു സംഭവം. താലൂക്കാശുപത്രിയുടെ പഴയ കെട്ടിടത്തിന്റെ മൂന്നാംനിലയിൽ ടിൻ ഷീറ്റുകൊണ്ട് നിർമ്മിച്ച മുറിക്കാണ് തീപിടിച്ചത്. ജീവനക്കാരി മരുന്നെടുക്കാനായി എത്തിയപ്പോഴാണ് വൈദ്യുതി ലൈനിൽ നിന്ന് തീയും പുകയും ഉയരുന്നത് കണ്ടത്. ഇവർ ഉടൻ ആശുപത്രിയിലെ എയ്ഡ് പോസ്റ്റിൽ വിവരമറിയിക്കുകയായിരുന്നു. ഇവിടെനിന്ന് പൊലീസിനെയും അഗ്നിശമന സേനയെയും അറിയിച്ചു. തുടർന്ന് അരൂർ, ചേർത്തല, മട്ടാഞ്ചേരി, ആലപ്പുഴ എന്നിവിടങ്ങളിൽ നിന്നെത്തിയ ഫയർഫോഴ്സ് യൂണിറ്റുകൾ മണിക്കൂറുകൾ നീണ്ട ശ്രമത്തിനൊടുവിലാണ് തീയണച്ചത്.

തീ പിടിച്ച സമയത്ത് കെട്ടിടത്തിന് താഴത്തെ നിലയിലെ ഡയാലിസിസ് കേന്ദ്രത്തിൽ 11 ഡയാലിസിസ് രോഗികളും നാല് ഗർഭിണികളും ഉൾപ്പെടെ 21 പേരുണ്ടായിരുന്നു. ജീവനക്കാർ എല്ലാവരെയും സുരക്ഷിതമായി പുറത്തെത്തിച്ചു. തുടർന്ന് രോഗികളെ ആലപ്പുഴ, ചേർത്തല എറണാകുളം, ആരൂർ എന്നിവിടങ്ങളിലെ വിവിധ ആശുപത്രികളിലേക്ക് മാറ്റി.

പ്രസവത്തിനായി ലേബർ റൂമിലായിരുന്ന ഒരാളെ ചേർത്തലയിലെ കിൻഡർ ആശുപത്രിയിലേക്ക് മാറ്റി. അവിടെ എത്തിയ ഉടൻ പ്രസവം ന‌ടന്നു.

നേതാക്കളായ ദലീമ ജോജോ, ഷാനിമോൾ ഉസ്മാൻ പി.എസ്. ജ്യോതിസ് എന്നിവർ സംഭവസ്ഥലം സന്ദർശിച്ചു. കുത്തിയതോട് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. സംഭവത്തിൽ സമഗ്രാന്വഷണം നടത്തണമെന്ന് പട്ടണക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി.കെ. രാജേന്ദ്രൻ ആവശ്യപ്പെട്ടു.