ആലുവ മണ്ഡലം: ബിജെപി വോട്ടിൽ ചോർച്ചക്ക് സാദ്ധ്യത
ആലുവ: ആലുവ മണ്ഡലത്തിൽ എൻ.ഡി.എ സ്ഥാനാർത്ഥി എം.എ. ബ്രഹ്മരാജ് 25,000 മുതൽ 30,000 വരെ വോട്ടുകൾ നേടുമെന്നാണ് അവകാശപ്പെട്ടതെങ്കിലും തിരഞ്ഞെടുപ്പിന് ശേഷം പുറത്തുവന്ന കണക്കുകൾ അതിന് സാദ്ധ്യതയില്ലെന്ന് തെളിയിക്കുന്നതാണ്. ആലുവ നഗരസഭയിൽ ബി.ജെ.പിക്ക് വോട്ട് കുറയാൻ സാദ്ധ്യതയുണ്ടെന്നാണ് കരുതുന്നത്. മണ്ഡലത്തിൽ ബി.ജെ.പിക്ക് കൂടുതൽ പഞ്ചായത്ത് അംഗങ്ങൾ ഉള്ളത് ചെങ്ങമനാട് ഗ്രാമപഞ്ചായത്തിലും ആലുവ നഗരസഭയിലുമാണ്. ചെങ്ങമനാട് ആറും ആലുവ നഗരസഭയിൽ നാലും. കഴിഞ്ഞ തദ്ദേശ തിഞ്ഞെടുപ്പിൽ മണ്ഡലത്തിൽ എൻ.ഡി.എക്ക് ലഭിച്ചത് 23151 വോട്ടാണ്. ഇതിൽ 2305 വോട്ട് ആലുവ നഗരസഭയിൽ നിന്നുമാണ്. നിയമസഭ തിരഞ്ഞെടുപ്പിൽ എത്ര വോട്ട് എം.എ. ബ്രഹ്മരാജിന് ലഭിക്കുമെന്നതാണ് പാർട്ടി ഉറ്റുനോക്കുന്നത്.
തർക്കം പണിയായി
മുനിസിപ്പൽ തിരഞ്ഞെടുപ്പിന് ശേഷം ബി.ജെ.പി മുനിസിപ്പൽ പ്രസിഡന്റിനെയും മണ്ഡലം ജനറൽ സെക്രട്ടറിയെയും നീക്കിയതുമായി ബന്ധപ്പെട്ട തർക്കമാണ് തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങളിൽ നിന്ന് വിട്ടുനിൽക്കാൻ കാരണം. 2020 -25 കാലഘട്ടത്തിൽ ബി.ജെ.പിക്ക് ഉണ്ടായിരുന്ന അംഗബലം കൗൺസിലിൽ നിലനിർത്തിയെങ്കിലും ഏകപക്ഷീയമായി സ്ഥാനാർത്ഥികളെ നിശ്ചയിച്ചതും ആദ്യകാല നേതാക്കളെ അവഗണിച്ചതും ആർ.എസ്.എസിനുണ്ടായ അനിഷ്ടമാണ് കമ്മിറ്റി പുന:സംഘടിപ്പിക്കാൻ കാരണം. നഗരസഭയിലെ എല്ലാ വാർഡുകളിലും മത്സരിക്കുന്നതിനായി മൂന്ന് ദമ്പതികളെ സ്ഥാനാർത്ഥികളാക്കിയതും ശരിയായില്ലെന്ന് ആക്ഷേപമുണ്ടായി.
ആർ.എസ്.എസ് നിർദ്ദേശം ജില്ലാ പ്രസിഡന്റ് കൂടിയായ ബ്രഹ്മരാജാണ് നടപ്പാക്കിയത്. മുൻ കൗൺസിലറും മണ്ഡലം ജനറൽ സെക്രട്ടറിയുമായ എൻ. ശ്രീകാന്തിനെ വൈസ് പ്രസിഡന്റാക്കുകയായിരുന്നു. മുനിസിപ്പൽ പ്രസിഡന്റ് ആർ. പത്മകുമാറിനെ സോഷ്യൽ മീഡിയ ചുമതലക്കാരനായി നിശ്ചയിച്ചെങ്കിലും അദ്ദേഹം ഏറ്റെടുത്തില്ല.
നഗരസഭയിലെ നാല് കൗൺസിലർമാരിൽ മൂന്ന് പേരും നിയമസഭ തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങളിൽ സജീവമായിരുന്നില്ല.
ചില വാർഡുകളിൽ സ്ഥാനാർത്ഥിയുടെ അഭ്യർത്ഥന പോലും വീടുകളിൽ എത്തിച്ചില്ല.
പൊതുപരിപാടികളിൽ പങ്കെടുത്ത് മുഖം കാണിച്ചതല്ലാതെ ഒന്നും നടന്നില്ല.
തിരഞ്ഞെടുപ്പ് ദിവസം ഭൂരിപക്ഷം ബൂത്തുകളിലും ആളുണ്ടായില്ല.