റെക്കാഡ് ഭേദിച്ച് വൈദ്യുതി ഉപയോഗം

Wednesday 15 April 2026 2:37 AM IST

തിരുവനന്തപുരം: ചൂട് കൂടിയതോടെ വൈദ്യുതി ഉപഭോഗത്തിൽ റെക്കോഡ് വർദ്ധന. 5933 മെഗാവാട്ടായിരുന്നു തിങ്കളാഴ്ച പീക്ക്‌സമയ വൈദ്യുതി ആവശ്യകത. മാർച്ച് 26ന് രാത്രിയിലെ 5836 മെഗാവാട്ടിന്റെ ഉപഭോഗമാണ് ഇന്നലെ മറികടന്നത്. ആകെ 112.16 ദശലക്ഷം യൂണിറ്റ് വൈദ്യുതിയാണ് കേരളം തിങ്കളാഴ്ച ഉപയോഗിച്ചത്. 2024 മേയ് മൂന്നിലെ 115.9845 ദശലക്ഷം യൂണിറ്റാണ് സർവകാല റെക്കാഡ്.

ഉപഭോഗം ഇനിയും ഉയർന്നാൽ ഇതരസംസ്ഥാനങ്ങളിൽ നിന്ന് വൈദ്യുതി എത്തിക്കുന്നതിൽ ഓവർലോഡ് തടസമാകുമോയെന്ന് ആശങ്കയുണ്ട്. വിതരണ ശൃംഖല ശക്തമല്ലാത്ത വടക്കൻ ജില്ലകളിൽ പ്രാദേശിക നിയന്ത്രണങ്ങൾക്കും കാരണമായേക്കാം.

12 ജില്ലകളിൽ യെല്ലോ അലർട്ട് പാലക്കാട് ഇന്നലെ താപനില 40 ഡിഗ്രി രേഖപ്പെടുത്തി. ശനിയാഴ്ച വരെ പാലക്കാട് 40 ഡിഗ്രി വരെയും കൊല്ലത്ത് 38 വരെയും പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂർ, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ 37 വരെയും തിരുവനന്തപുരത്ത് 36 വരെയും ഉയരാൻ സാദ്ധ്യതയുള്ളതിനാൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു.