സ്വര്‍ണം പണയം വയ്ക്കുന്നവരുടെ എണ്ണത്തില്‍ റെക്കോഡ് വര്‍ദ്ധന; നിയന്ത്രണം ശക്തമാക്കിയേക്കും

Wednesday 15 April 2026 12:09 AM IST

കൊച്ചി: ഇന്ത്യയില്‍ സ്വര്‍ണ പണയ വിപണി അതിവേഗം കുതിക്കുന്നു. മൊത്തം റീട്ടെയില്‍ വായ്പാ വിതരണത്തില്‍ സ്വര്‍ണ പണയത്തിന്റെ വിപണി വിഹിതം രണ്ടാമതെത്തിയെന്ന് ട്രാന്‍സ്യൂണിയന്‍ സിബിലിന്റെ 'ഗോള്‍ഡ് ലോണ്‍ ലാന്‍ഡ്സ്‌കേപ്പ്' റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. 2022 മാര്‍ച്ചിന് ശേഷം സ്വര്‍ണ പണയ വായ്പ 3.8 മടങ്ങാണ് വളര്‍ച്ച നേടിയത്. ഇതോടെ റീട്ടെയില്‍ ക്രെഡിറ്റ് പോര്‍ട്ട്ഫോളിയോയിലെ വിഹിതം 5.9 ശതമാനത്തില്‍ നിന്ന് 11.1 ശതമാനമായി ഉയര്‍ന്നു.

വായ്പാ തുകയിലും വന്‍ വര്‍ദ്ധനയുണ്ട്. 2022ലെ ആദ്യ പാദത്തില്‍ 90,000 രൂപയായിരുന്ന ശരാശരി വായ്പാ തുക കഴിഞ്ഞ ഡിസംബറില്‍ 1.96 ലക്ഷം രൂപയായി ഉയര്‍ന്നു. പുതുതായി അനുവദിച്ച വായ്പകളുടെ മൊത്തം മൂല്യം 5.1 മടങ്ങാണ് വര്‍ദ്ധിച്ചത്.

മത്സരം ശക്തമാകുന്നു

സ്വര്‍ണ പണയ വിപണിയില്‍ ബാങ്കുകളും ബാങ്കിംഗ് ഇതര ധനകാര്യ സ്ഥാപനങ്ങളുമായി(എന്‍.ബി.എഫ്.സി) മത്സരം കടുക്കുകയാണ്. 2022 മാര്‍ച്ചില്‍ ഏഴ് ശതമാനമായിരുന്ന എന്‍.ബി.എഫ്.സികളുടെ വിഹിതം ഡിസംബറില്‍ 11 ശതമാനമായി ഉയര്‍ന്നു. പൊതുമേഖലാ ബാങ്കുകളുടെ വിഹിതം 57 ശതമാനത്തില്‍ നിന്ന് 62 ശതമാനമായി വര്‍ദ്ധിച്ചു. വായ്പ എടുക്കുന്നവരില്‍ സ്ത്രീകളുടെ എണ്ണം ഗണ്യമായി ഉയര്‍ന്നു. 2025ല്‍ മൊത്തം വായ്പ അപേക്ഷകരില്‍ 39 ശതമാനവും സ്ത്രീകളാണ്.

നിയന്ത്രണം ശക്തമാക്കണം

ഈ മേഖലയിലെ വേഗത്തിലുള്ള വളര്‍ച്ച കണക്കിലെടുത്ത് നിയന്ത്രണങ്ങള്‍ ശക്തമാക്കണമെന്ന് റിപ്പോര്‍ട്ട് മുന്നറിയിപ്പ് നല്‍കുന്നു. കഴിഞ്ഞ വര്‍ഷം ജൂണ്‍ വരെ ആറുമാസ കാലയളവില്‍ 60 ദിവസത്തില്‍ കൂടുതല്‍ തിരിച്ചടവ് വൈകിയ വായ്പകളുടെ നിരക്ക് 1.1 ശതമാനമാണ്. ഉയര്‍ന്ന വായ്പാ എടുത്തിട്ടുള്ള ഉപഭോക്താക്കളാണ് തിരിച്ചടവ് വൈകിക്കുന്നത്.