'ബൈ ബൈ പിണറായി' ബോർഡ്: കോൺഗ്രസ് ഓഫീസിൽ അക്രമം

Wednesday 15 April 2026 12:25 AM IST

സി.പി.എം ലോക്കൽ സെക്രട്ടറി ഉൾപ്പെടെ 7 പേർക്കെതിരെ കേസ്

നെടുമ്പാശേരി: 'ബൈ ബൈ പിണറായി" എന്നെഴുതിയ ഫ്ളക്സ് ബോർഡ് വയ്‌ക്കുന്നതുമായി ബന്ധപ്പെട്ട് സി.പി.എം അക്രമം നടത്തിയതായി പരാതി.കുന്നുകര പഞ്ചായത്തിലെ വടക്കേ അടുവാശേരിയിൽ കോൺഗ്രസ് ഓഫീസിന് നേരെയാണ് ആക്രമണം നടന്നത്.

തിങ്കളാഴ്ച രാത്രി 9 നാണ് സംഭവം.അടുവാശേരി കവലയിൽ ഞായറാഴ്ച കോൺഗ്രസ് സ്ഥാപിച്ച 'ബൈ ബൈ പിണറായി" ബോർഡ് രാത്രിയിൽ തീയിട്ട് നശിപ്പിച്ചിരുന്നു.തിങ്കളാഴ്ച രാത്രി കോൺഗ്രസ് ഓഫീസിന് മുന്നിൽ മറ്റൊരു ഫ്ളക്സ് സ്ഥാപിക്കുന്നതിനിടെ സി.പി.എം കുന്നുകര ലോക്കൽ സെക്രട്ടറി വി.കെ.അനിലിന്റെ നേതൃത്വത്തിൽ അക്രമം അഴിച്ചുവിട്ടെന്നാണ് പരാതിയിൽ പറയുന്നത്.

കത്തി ഉൾപ്പെടെയുളള മാരകായുധങ്ങളുമായാണ് ആക്രമണം നടത്തിയതെന്നും ഓഫീസിൽ കയറി കാരംസ് ബോർഡ്,കസേര,മേശ,ഫ്ളക്സ് തുടങ്ങിയവ നശിപ്പിച്ചാതായും പരാതിയിൽ പറയുന്നു.അക്രമത്തിന്റെ ദൃശ്യങ്ങൾ മൊബൈലിൽ പകർത്തി പൊലീസിന് കൈമാറിയിട്ടുണ്ട്.

സംഭവത്തിൽ സി.പി.എം ലോക്കൽ സെക്രട്ടറി വി.കെ.അനിൽ,പ്രവർത്തകരായ ലൂയിസ്,തമ്പി,വിപിൻ,ജോണി,ജ്യോതിഷ്,ഷൈജൻ എന്നിവർക്കെതിരെ ചെങ്ങമനാട് പൊലീസ് കേസെടുത്തു.അറസ്റ്റ് ചെയ്ത പ്രതികളെ സ്റ്റേഷൻ ജാമ്യത്തിൽ വിട്ടതായി ഇൻസ്പെക്ടർ എൻ.ബി.ഷൈജു 'കേരളകൗമുദി"യോട് പറഞ്ഞു.സ്ഥലത്ത് വൻ പൊലിസ് സംഘം ക്യാമ്പ് ചെയ്യുന്നുണ്ട്.