പെൺസുഹൃത്തുമായി തർക്കം; യുവാവിന് കുത്തേറ്റു
ചെറുതോണി: പെൺസുഹൃത്തുമായുള്ള സാമ്പത്തിക ഇടപാടുകളെ ചൊല്ലിയുള്ള തർക്കത്തിനിടെ യുവാവിന് കുത്തേറ്റു. മണിയാറൻകുടി സ്വദേശി കണിയാംകുന്നേൽ ജിൻസിനാണ് (21) കുത്തേറ്റത്. സംഭവത്തിൽ ഇയാളുടെ പെൺസുഹൃത്തിനെയും ഇവരോടൊപ്പമുണ്ടായിരുന്ന ആലപ്പുഴ അവലൂക്കുന്ന് കുന്നുകുഴിയിൽ അതുകുമാർ (24), മാവേലിക്കര വറവൻകര തെക്കേടത്ത് കിഴക്കേതിൽ അഭിജിത്ത് (25), തലശ്ശേരി പള്ളിക്കുടി സാന്ത്വനം യദുകൃഷ്ണൻ (24) എന്നിവരെയും പൊലീസ് അറസ്റ്റ് ചെയ്തു.
ചൊവ്വാഴ്ച പുലർച്ചെ അഞ്ചരയോടെ ചെറുതോണിയിലായിരുന്നു സംഭവം. പൊലീസ് പറയുന്നതിങ്ങനെ: ജിൻസും പെൺസുഹൃത്തും എറണാകുളത്ത് ഒരുമിച്ച് ജോലി ചെയ്തവരാണ്. ഇരുവർക്കും സഞ്ചരിക്കാൻ ബൈക്ക് വാങ്ങുന്നതിനായി പണം നൽകിയത് പെൺ സുഹൃത്താണ്. എന്നാൽ പെൺസുഹൃത്തിനെ കൂടാതെ ജിൻസിന് മറ്റൊരു യുവതിയുമായുണ്ടായ അടുപ്പം ഇവരെ തമ്മിലകറ്റി. തുടർന്ന് താൻ പണം നൽകി വാങ്ങിയ ബൈക്ക് തിരികെ നൽകണമെന്ന് പെൺസുഹൃത്ത് പല തവണ ആവശ്യപ്പെട്ടെങ്കിലും ജിൻസ് നൽകിയില്ല. ഇതോടെ എറണാകുളത്ത് ജിൻസിനോടൊപ്പം താമസിക്കുന്ന മറ്റൊരു സുഹൃത്തിന്റെ സഹായത്തോടെ ബൈക്ക് തിരികെ വാങ്ങാൻ സുഹൃത്തുക്കളോടൊത്ത് ഇവർ ചെറുതോണിയിലെത്തി. രണ്ട് യുവാക്കളും രണ്ട് യുവതികളുമടങ്ങുന്ന സംഘം ടാക്സി കാറിലാണ് എത്തിയത്. ഇവർ ജിൻസിനെ ചെറുതോണിയിലേക്ക് വിളിച്ച് വരുത്തി. ബൈക്ക് അല്ലെങ്കിൽ 60,000 രൂപ തിരികെ നൽകണമെന്ന് ആവശ്യപ്പെട്ടെങ്കിലും ജിൻസ് വഴങ്ങിയില്ല. വാക്കേറ്റത്തിനിടയിൽ പെൺസുഹൃത്തിനൊപ്പമൊത്തിയ ആൾ ജിൻസിനെ കുത്തി പരിക്കേല്പിക്കുകയായിരുന്നു. സംഭവത്തിന് ശേഷം കാറിൽ കടന്ന ഇവരെ ഇടുക്കി പൊലീസ് എറണാകുളത്തു നിന്നാണ് പിടികൂടിയത്. തോളിന് കുത്തേറ്റ ജിൻസിനെ ഇടുക്കി മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു. പരിക്ക് ഗുരുതരമല്ല.