നാലിലൊന്നാവുന്നത് റയലോ ബയേണോ ?

Wednesday 15 April 2026 12:29 AM IST

യുവേഫ ചാമ്പ്യൻസ് ലീഗ് രണ്ടാം പാദ ക്വാർട്ടർ ഫൈനലിൽ ഇന്ന് റയൽ മാഡ്രിഡ്

ബയേൺ മ്യൂണിക്കിനെയും ആഴ്സനൽ സ്പോർടിംഗിനെയും നേരിടുന്നു

മ്യൂണിക്ക്/ ലണ്ടൻ : യുവേഫ ചാമ്പ്യൻസ് ലീഗ് ഫുട്ബാളിൽ അവസാന നാലുടീമുകളിൽ ഒന്നാകാനായി മുൻ ചാമ്പ്യന്മാരായ റയൽ മാഡ്രിഡും ബയേൺ മ്യൂണിക്കും ഇന്ന് കളത്തിലിറങ്ങുന്നു. റയലിന്റെ തട്ടകത്തിൽ നടന്ന ആദ്യ പാദ ക്വാർട്ടറിൽ ഒന്നിനെതിരെ രണ്ടുഗോളുകൾക്ക് ജയിച്ച ബയേൺ ഇന്ന് സ്വന്തം തട്ടകത്തിൽ സമനില പിടിച്ചാലും സെമിയിലെത്തുമെന്ന ആത്മവിശ്വാസത്തിലാണ്. സ്പാനിഷ് ലാ ലിഗയിൽ ഏറെക്കുറെ കിരീ‌ടം കൈവിട്ട റയലിന് ചാമ്പ്യൻസ് ലീഗിലും പുറത്താകുന്നത് തിരിച്ചടിയാകും. അതിനാൽ എന്തുവിലകൊടുത്തും ജയിക്കാനുള്ള ശ്രമത്തിലാണ് കിലിയൻ എംബാപ്പെയും കൂട്ടരും മ്യൂണിക്കിലേക്ക് വിമാനം കയറിയിരിക്കുന്നത്.

പ്രീ ക്വാർട്ടറിൽ മാഞ്ചസ്റ്റർ സിറ്റിയെ ഇരുപാദങ്ങളിലും തോൽപ്പിച്ചാണ് റയൽ ക്വാർട്ടറിലെത്തിയത്. എംബാപ്പെ, വിനീഷ്യസ് ജൂനിയർ,ഫ്രെഡറിക്കോ വൽവെർദേ,ജൂഡ് ബെല്ലിംഗ്ഹാം, ബ്രാഹും ഡയസ്,ടുഹാമൈനി തുടങ്ങിയവരാണ് റയലിന്റെ മുൻനിര താരങ്ങൾ. ആദ്യ പാദത്തിന്റെ ആദ്യ പകുതിയിൽതന്നെ രണ്ടു ഗോളുകളും നേ‌ടി ബയേൺ റയലിനെ സമ്മർദ്ദത്തിലാക്കിയിരുന്നു. ലൂയിസ് ഡയസും ഹാരി കേനുമായിരുന്നു സ്കോറർമാർ. രണ്ടാം പകുതിയിൽ എംബാപ്പെയാണ് റയലിന്റെ ആശ്വാസഗോൾ നേടിയത്.മാനുവൽ ന്യൂയർ,സെർജി ഗ്നാബ്രി,ജോഷ്വ കിമ്മിഷ്,ജമാൽ മുസൈല തുടങ്ങിയവരാണ് ബയേൺ നിരയിലെ മറ്റ് പ്രധാനികൾ.

ആദ്യ പാദത്തിൽ സ്പോർടിംഗിനെ അവരുടെ തട്ടകത്തിൽ ചെന്ന് ഏകപക്ഷീയമായ ഒരു ഗോളിന് തോൽപ്പിച്ചതിന്റെ ആവേശത്തിലാണ് ആഴ്സനൽ ഇറങ്ങുന്നത്. ഇൻജുറി ടൈമിൽ കായ് ഹാവെർട്സാണ് വിജയഗോളടിച്ചത്. എഫ്.എ കപ്പ് ക്വാർട്ടറിൽ സതാംപ്ടണിൽ നിന്ന് തോൽവി ഏറ്റുവാങ്ങിയതിന്റെ ആഘാതം മാറും മുന്നേയാണ് ആഴ്സനൽ ചാമ്പ്യൻസ് ലീഗ് ആദ്യ പാദ ക്വാർട്ടറിനിറങ്ങി ജയിച്ചത്.എന്നാൽ ഇതിന് പിന്നാലെ പ്രിമിയർ ലീഗിൽ ബേൺമൗത്തിനോട് 1-2ന് തോറ്റിരുന്നു. പ്രിമിയർ ലീഗിൽ ഇപ്പോഴും ആറുപോയിന്റ് ലീഡുള്ള ആഴ്സനൽ സീസണിൽ ഇരട്ടക്കിരീടമാണ് ലക്ഷ്യം വയ്ക്കുന്നത്. സ്പോർടിംഗ് ലിസ്ബൺ പ്രീ ക്വാർട്ടറിൽ നോർവീജിയൻ ക്ളബ് ബോഡോ ഗ്ളിംറ്റിനെ മറികടന്നാണ് ക്വാർട്ടറിലെത്തിയത്. ആദ്യ പാദത്തിൽ 3-0ത്തിന് തോറ്റ ലിസ്ബൺ രണ്ടാം പാദത്തിൽ 5-0ത്തിനാണ് വിജയിച്ചത്.

റയൽ മാഡ്രിഡ് Vs ബയേൺ മ്യൂണിക്ക്

സ്പോർടിംഗ് ലിസ്ബൺ Vs ആഴ്സനൽ

രാത്രി 12.30 മുതൽ സോണി സ്പോർട്സ് ചാനലുകളിൽ

ആദ്യ പാദ മത്സരഫലങ്ങൾ

ബയേൺ 2- റയൽ മാഡ്രിഡ് 1

ആഴ്സനൽ 1- സ്പോർടിംഗ് 0