വിദ്യാർത്ഥികളുടെ ദൃശ്യം പകർത്തുന്നു

Wednesday 15 April 2026 12:44 AM IST

കണ്ണൂർ: അഞ്ചരക്കണ്ടി ഡെന്റൽ കോളേജ് വിദ്യാർത്ഥി നിതിൻ രാജിന്റെ മരണവുമായി ബന്ധപ്പെട്ട് ലോൺ ആപ്പ് ഭീഷണി മറയാക്കി അന്വേഷണം വഴിതിരിക്കാൻ കോളേജ് മാനേജ്‌മെന്റ് ശ്രമിക്കുന്നുവെന്ന് ആരോപണം. അദ്ധ്യാപകൻ ഡോ. റാമിന്റെ ജാതി അധിക്ഷേപം അടക്കമുള്ള ക്രൂരകൃത്യങ്ങൾ മാദ്ധ്യമങ്ങളോടു തുറന്നു പറഞ്ഞ വിദ്യാർത്ഥികളുടെ ദൃശ്യങ്ങൾ മാനേജ്‌മെന്റുമായി ബന്ധപ്പെട്ടവർ ചിത്രീകരിക്കുന്നതായും ആക്ഷേപമുണ്ട്. വിദ്യാർത്ഥികളെ നിശബ്ദരാക്കാനും തെളിവ് നൽകാൻ തയ്യാറാകുന്നവരെ തിരിച്ചറിഞ്ഞ് ഭീഷണിപ്പെടുത്താനുമുള്ള ബോധപൂർവമായ ശ്രമമാണിതെന്നാണ് ആരോപണം.

ഒറ്റ ദിവസം 98 സന്ദേശം ഇൻസ്റ്റഗ്രാം വഴി ഇൻസ്റ്റപേ എന്ന ആപ്പിൽ നിന്നാണ് നിതിൻ രാജ് 14,000 രൂപ വായ്പ എടുത്തത്. ഏപ്രിൽ 6ന് 1000 രൂപ തിരിച്ചടച്ചു. എന്നാൽ, 18,000 രൂപ തിരിച്ചടയ്ക്കണമെന്നാവശ്യപ്പെട്ട്

ലോൺ ആപ്പ് നിരന്തരം നിതിന് ഭീഷണി സന്ദേശങ്ങൾ അയച്ചിരുന്നു. ഏപ്രിൽ 9നുമാത്രം 98 കോളുകളും സന്ദേശങ്ങളും നിതിന്റെ ഫോണിൽ വന്നിരുന്നു. അദ്ധ്യാപിക ലതയ്ക്കും ഭീഷണി കോളുകൾ വന്നു. ലോൺ ആപ്പിൽ അദ്ധ്യാപികയുടെ നമ്പർ റഫറൻസ് ആയി നൽകിയത് നിതിൻ ആണെന്ന് ആരോപണം ഉയർന്നെങ്കിലും, ആ നമ്പർ ആപ്പിൽ രജിസ്റ്റർ ചെയ്തതല്ലെന്ന് അന്വേഷണ സംഘം കണ്ടെത്തി. നിതിന്റെ കോൺടാക്ട് ലിസ്റ്റിൽ നിന്നാണ് ലോൺ ആപ്പ് നമ്പർ സംഘടിപ്പിച്ചതെന്നാണ് സൂചന.