ശ്രീനവാമുകുന്ദ കീർത്തി പുരസ്കാരം നടി ഉർവശിക്ക്.

Wednesday 15 April 2026 1:14 AM IST
ശ്രീനവാമുകുന്ദ പുരസ്കാരം ഉർവ്വശിക്ക്

തിരൂർ: തിരുനാവായ നവാമുകുന്ദ ദേവസ്വം നൽകുന്ന പ്രഥമ ശ്രീനവാമുകുന്ദ കീർത്തി പുരസ്കാരം നടി ഉർവശിക്ക് നൽകും. ക്ഷേത്രത്തിലെ ഉത്സവാഘോഷത്തിൻ്റെ ഭാഗമായി 20ന് രാത്രി എട്ടിന് നടക്കുന്ന പ്രത്യേക സമ്മേളനത്തിലാണ് ഉർവശിക്ക് ശ്രീനവാമുകുന്ദ പുരസ്‌കാരം സമർപ്പിക്കുന്നത്. ശിൽപവും 25,000 രൂപയും അടങ്ങുന്ന പുരസ്‌കാരം കോഴിക്കോട് സാമൂതിരി രാജയുടെ പ്രതിനിധി സുജിത് വർമയാണ് സമ്മാനിക്കുന്നത്. അഭിനയ കലയിൽ പ്രതിഭയായതിനാലാണ് പ്രഥമ പുരസ്‌കാരത്തിന് നടി ഉർവശിയെ തിരഞ്ഞെടുത്തതെന്ന് ദേവസ്വം എക്സ‌ിക്യൂട്ടീവ് ഓഫിസർ കെ.പരമേശ്വരൻ, എം.നാരായണൻ, പി.ശശികുമാർ, കെ.ഹരീഷ്, പി.സന്തോഷ് എന്നിവർ പറഞ്ഞു.

ഉത്സവാഘോഷത്തിൻ്റെ ഭാഗമായി 19ന് തത്വമസി ട്രസ്‌റ്റ് പ്രത്യേക പരിപാടികൾ നടത്തും. മഹാമണ്ഡലേശ്വർ സ്വാമി ആനന്ദവനം ഭാരതി, മോഹൻജി ഫൗണ്ടേഷൻ ചെയർമാൻ മോഹൻജി എന്നിവർക്ക് വൈകിട്ട് മൂന്നരയ്ക്ക് സ്വീകരണം നൽകും. വൈകിട്ട് അഞ്ചിന് എടനാട്ട് രാജൻ നമ്പ്യാരുടെ ചാക്യാർക്കുത്തും 6.30ന് നയനി സ്കൂ‌ൾ ഓഫ് ഡാൻസും വേദിക സുധീറും ദേവിക സുധീറും നടത്തുന്ന നൃത്തസന്ധ്യയുമുണ്ടാകും. തുടർന്ന് തിരൂർ നീലാംബരി ഭക്ത‌ിഗാനസുധ നടത്തും. 9.30ന് ചാലക്കുടി ഡിഡി ഇവൻ്റ് നടത്തുന്ന മെഗാ സ്‌റ്റാർ നൈറ്റും നടക്കും.