വേനൽമഴ പോരാ; സംസ്ഥാനത്ത് ചൂട് വീണ്ടും കൂടുന്നു, വെെദ്യുതി ഉപഭോഗം ഉയരുന്നു
തിരുവനന്തപുരം: സംസ്ഥാനത്ത് ചൂട് വീണ്ടും കൂടുന്നു. പാലക്കാട് 3.3 ഡിഗ്രി സെൽഷ്യസ് ഉയർന്ന് വീണ്ടും ചൂട് 40 ആയി. പുനലൂരിൽ ചൂട് 38 ഡിഗ്രി സെൽഷ്യസിലെത്തി. കണ്ണൂരിൽ മാത്രമാണ് ദീർഘകാല ശരാശരിയിൽ നിന്ന് നേരിയ കുറവുള്ളത്. മറ്റെല്ലായിടത്തും കൂടുതലാണ്. അടുത്ത ഒരാഴ്ച ചൂട് ഇനിയും കനക്കുമെന്നാണ് കാലാവസ്ഥാ വിദഗ്ധരുടെ മുന്നറിയിപ്പ്.
നിലവിൽ കേരളത്തിന് മുകളിലായാണ് സൂര്യന്റെ സ്ഥാനം. കഴിഞ്ഞ വർഷങ്ങളിൽ അനുഭവപ്പെട്ടതിനേക്കാൾ അല്പം കൂടുതലാണ് അന്തരീക്ഷോഷ്മാവ്. ഒറ്റപ്പെട്ട വേനൽമഴ പ്രതീക്ഷിക്കുന്നുണ്ട്. വീടിനകത്ത് പോലും ആശ്വാസമില്ലാത്ത സാഹചര്യമാണ്. രാത്രിസമയത്തെ ചൂട് ഉറക്കത്തെയും ബാധിക്കുന്നു. ചൂട് കൂടുന്ന സാഹചര്യത്തിൽ ആരോഗ്യവകുപ്പ് ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചു. ദേഹം മുഴുവൻ ചൊറിഞ്ഞുപൊട്ടുന്നവരും കുരുക്കൾ വരുന്നവരും വ്യാപകമാണ്.
വെെദ്യുതി ആവശ്യകത വീണ്ടും സർവകാല റെക്കോഡിലെത്തി. 5933 മെഗാവാട്ടാണ് തിങ്കളാഴ്ച രാത്രിയിൽ വേണ്ടിവന്നത്. മാർച്ച് 26ന് രാത്രിയിലെ 5836 മെഗാവാട്ടിന്റെ ഉപഭോഗമാണ് ഇന്നലെ മറികടന്നത്. ആകെ 112.16 ദശലക്ഷം യൂണിറ്റ് വൈദ്യുതിയാണ് കേരളം തിങ്കളാഴ്ച ഉപയോഗിച്ചത്. 2024 മേയ് മൂന്നിലെ 115.9845 ദശലക്ഷം യൂണിറ്റാണ് സർവകാല റെക്കാഡ്. ഉയർന്ന ചൂട് സൂര്യാഘാതം, സൂര്യാതപം, നിർജലീകരണം തുടങ്ങി നിരവധി ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകും.
ജാഗ്രത നിർദേശങ്ങൾ
- പകൽ 11 മുതല്‍ വെെകിട്ട് മൂന്ന് വരെയുള്ള സമയത്ത് നേരിട്ട് ശരീരത്തിൽ കൂടുതൽ സമയം തുടർച്ചയായി സൂര്യപ്രകാശം ഏൽക്കുന്നത് ഒഴിവാക്കുക.
- ദാഹമില്ലെങ്കിലും വെള്ളം കുടിക്കുന്നത് തുടരുക. പരമാവധി ശുദ്ധജലം കുടിക്കുക.
- നിർജലീകരണമുണ്ടാക്കുന്ന മദ്യം, കാപ്പി, ചായ, കാർബണേറ്റഡ് സോഫ്റ്റ് ഡ്രിങ്കുകൾ തുടങ്ങിയ പാനീയങ്ങള്‍ പകല്‍ സമയത്ത് ഒഴിവാക്കുക.
- അയഞ്ഞ, ഇളം നിറത്തിലുള്ള കോട്ടൺ വസ്ത്രങ്ങള്‍ ധരിക്കുക.
- പുറത്തിറങ്ങുമ്പോൾ പാദരക്ഷകൾ ധരിക്കുക. കുടയോ തൊപ്പിയോ ഉപയോഗിക്കുന്നത് നല്ലതായിരിക്കും.
- പഴങ്ങളും പച്ചക്കറികളും ധാരാളമായി കഴിക്കുക. ORS ലായനി, സംഭാരം തുടങ്ങിയവയുടെ ഉപയോഗം പ്രോത്സാഹിപ്പിക്കുക.
- മാർക്കറ്റുകൾ, കെട്ടിടങ്ങൾ, മാലിന്യശേഖരണ-നിക്ഷേപ കേന്ദ്രങ്ങൾ (ഡംപിങ് യാർഡ്) തുടങ്ങിയ ഇടങ്ങളിൽ തീപിടുത്തങ്ങൾ വർധിക്കാനും വ്യാപിക്കാനുമുള്ള സാധ്യത കൂടുതലാണ്. ഫയർ ഓഡിറ്റ് നടത്തേണ്ടതും കൃത്യമായ സുരക്ഷാ മുൻകരുതൽ സ്വീകരിക്കുകയും ചെയ്യേണ്ടതാണ്. ഇവയോട് ചേർന്ന് താമസിക്കുന്നവരും സ്ഥാപനങ്ങൾ നടത്തുന്നവരും പ്രത്യേകം ജാഗ്രത പാലിക്കുക.
- ചൂട് അധികരിക്കുന്ന സാഹചര്യത്തിൽ കാട്ടുതീ വ്യാപിക്കാനുള്ള സാധ്യതയുണ്ട്. വനമേഖലയോട് ചേർന്ന് താമസിക്കുന്നവരും വിനോദ സഞ്ചാരികളും പ്രത്യേകം ജാഗ്രത പാലിക്കണം. കാട്ടുതീ ഉണ്ടാകാനുള്ള സാഹചര്യങ്ങൾ ഒഴിവാക്കണം. വനം വകുപ്പിൻറെ നിർദേശങ്ങൾ കർശനമായി പാലിക്കണം.
- വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ വിദ്യാർഥികൾക്ക് ശുദ്ധമായ കുടിവെള്ളവും ക്ലാസ്സ് മുറികളിൽ വായു സഞ്ചാരവും ഉറപ്പാക്കേണ്ടതാണ്. പരീക്ഷാക്കാലമായാൽ പരീക്ഷാഹാളുകളിലും ജലലഭ്യത ഉറപ്പാക്കണം.
- വിദ്യാർഥികളുടെ കാര്യത്തിൽ സ്കൂള്‍ അധികൃതരും രക്ഷിതാക്കളും പ്രത്യേകശ്രദ്ധ പുലര്‍ത്തേണ്ടതാണ്. കുട്ടികൾക്ക് കൂടുതൽ വെയിലേൽക്കുന്ന അസംബ്ലികളും മറ്റ് പരിപാടികളും ഒഴിവാക്കുകയോ സമയക്രമീകരണം നടത്തുകയോ ചെയ്യേണ്ടതാണ്. കുട്ടികളെ വിനോദ സഞ്ചാരത്തിന് കൊണ്ടുപോകുന്ന സ്കൂളുകള്‍ 11 am മുതല്‍ 3 pm വരെ കുട്ടികള്‍ക്ക് നേരിട്ട് ചൂട് ഏല്‍ക്കുന്നില്ല എന്ന് ഉറപ്പ് വരുത്തുക.
- അംഗനവാടി കുട്ടികൾക്ക് ചൂട് ഏൽക്കാത്ത തരത്തിലുള്ള സംവിധാനം നടപ്പാക്കാൻ അതാത് പഞ്ചായത്ത് അധികൃതരും അംഗനവാടി ജീവനക്കാരും പ്രത്യേകം ശ്രദ്ധിക്കണം.
- കിടപ്പ് രോഗികൾ, പ്രായമായവർ, ഗർഭിണികൾ, കുട്ടികൾ, ഭിന്നശേഷിക്കാർ, മറ്റ് രോഗങ്ങൾ മൂലമുള്ള അവശത അനുഭവിക്കുന്നവർ തുടങ്ങിയ വിഭാഗങ്ങൾ പകൽ 11 മണി മുതൽ 3 മണി വരെ നേരിട്ട് സൂര്യപ്രകാശം ഏൽക്കാതെയിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. ഇത്തരം വിഭാഗങ്ങൾക്ക് എളുപ്പത്തിൽ സൂര്യാഘാതം ഏൽക്കാനുള്ള സാധ്യതയുള്ളതിനാൽ ഇവരുടെ കാര്യത്തിൽ പ്രത്യേക ശ്രദ്ധ പുലർത്തേണ്ടതാണ്.