കോഴിക്കോട്ട് കമ്പി തുളഞ്ഞുകയറി കാട്ടാന ചരിഞ്ഞു; അപകടം ജനവാസ മേഖലയിൽ നിന്ന് തുരത്തുന്നതിനിടെ

Wednesday 15 April 2026 12:46 PM IST

കോഴിക്കോട്: കമ്പി തുളഞ്ഞ് കയറി കാട്ടാന ചരിഞ്ഞു. കോഴിക്കോട് പെരുവണ്ണാമൂഴിയിലാണ് സംഭവം. ജനവാസ മേഖലയിൽ ഇറങ്ങിയ കാട്ടാനക്കൂട്ടത്തെ തുരത്തുന്നതിനിടെയാണ് സംഭവം. പെരുവണ്ണാമൂഴി പയ്യാനിക്കോട്ടയിലാണ് കാട്ടാനകൂട്ടം ഇറങ്ങിയത്. വനംവകുപ്പ് ഉദ്യോഗസ്ഥരെത്തി കാട്ടാനക്കൂട്ടത്തെ തുരത്താൻ പടക്കം പൊട്ടിച്ചു. ഇതിനിടെ ഒരു പിടിയാന അക്രമാസക്തയാകുകയും ജീവനക്കാർക്ക് നേരെ പാഞ്ഞടുക്കുകയുമായിരുന്നു. സമീപത്തുള്ള ഒരു വീട്ടിൽ ഓടിക്കയറിയാണ് വനംവകുപ്പ് ജീവനക്കാർ രക്ഷപ്പെട്ടത്.

അതിനിടെ, അക്രമാസക്തയായ ആന അടുത്തുണ്ടായിരുന്ന കാർഷെഡ് തകർത്തു. ഇതിനിടെയാണ് ഷെഡിന്റെ ഇരുമ്പ് തൂൺ ആനയുടെ നെഞ്ചിലേക്ക് തുളച്ചുകയറിയത്. കമ്പി തുളഞ്ഞുകയറിയ ആന തോട്ടത്തിലേക്ക് പോവുകയും രാവിലെ ചരിഞ്ഞ നിലയിൽ കണ്ടെത്തുകയുമായിരുന്നു. കമ്പി തുളഞ്ഞ് തോട്ടത്തിൽ നിൽക്കുന്ന ആനയുടെ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്.