തൊലിപ്പുറത്ത് ചൊറിച്ചിലും പൊള്ളലുമുണ്ടാകാം; വീട്ടിൽ ഇത്തരം വണ്ടുകൾ ഉണ്ടോ?

Wednesday 15 April 2026 2:54 PM IST

കല്ലറ: വേനൽമഴ പെയ്തതോടെ ഗ്രാമങ്ങളിൽ കരിവണ്ട് ശല്യം രൂക്ഷം.സന്ധ്യയാകുന്നതോടെ പറന്നെത്തുന്ന ഇവ ഭക്ഷണത്തിലടക്കം പൊഴിഞ്ഞു വീഴുകയാണ്. വേനൽമഴ തുടങ്ങിയതിന് ശേഷമാണ് ഇവയു‌ടെ ആക്രമണം രൂക്ഷമായത്. റബറിന്റെ വീണുക്കിടക്കുന്ന വാടിയ തളിരിലകളാണ് വണ്ടുകളുടെ ഇഷ്ടഭക്ഷണം. റബർ തിങ്ങിനിറഞ്ഞ പ്രദേശങ്ങളിലാണ് ശല്യം കൂടുതൽ. വെളിച്ചമാണ് വണ്ടുകൾക്ക് പ്രിയം. വെളിച്ചം കടക്കുന്നിടത്തെല്ലാം വണ്ടുകൾ കൂട്ടമായെത്തും. ചെവിയിൽ കയറുമെന്നതിനാൽ കിടന്നുറങ്ങുമ്പോൾ കുട്ടികളും മുതിർന്നവരുമടക്കം ചെവിയിൽ പഞ്ഞിയും തുണിയും തിരുകിവച്ചാണ് കിടക്കുന്നത്.

  • വണ്ടിന്റെ വിസർജ്യം തൊലിപ്പുറത്ത് ചൊറിച്ചിലും പൊള്ളലുമുണ്ടാക്കുന്നുണ്ട്.
  • ശ്വാസകോശ സംബന്ധമായ അസുഖങ്ങളും മൂക്കടപ്പ്, തുമ്മൽ, അസഹ്യമായ കണ്ണ് ചൊറിച്ചിലുമെല്ലാം അനുഭവപ്പെടാം
  • വണ്ടുകൾ കൂട്ടമായി കാണുന്ന ഭാഗത്ത് മണ്ണെണ്ണ സ്‌പ്രേ ചെയ്തായിരുന്നു ഇവയെ മുൻപ് നശിപ്പിച്ചിരുന്നത്. മണ്ണെണ്ണയുടെ രൂക്ഷഗന്ധം വീടുകളിൽ തങ്ങി നിൽകുമെന്നതിനാൽ പലരും ഇത് ഉപയോഗിക്കാറില്ല. നിലവിൽ വളം കീടനാശിനിക്കടകളിൽ കിട്ടുന്ന സെൻട്രി എന്ന കീടനാശിനി കൊണ്ട് ഫലപ്രദമായി നേരിടാമെന്ന് പറയുന്നു