നിതിൻ രാജിന്റെ മരണത്തിൽ ഉത്തരവാദികൾക്കെതിരെ നടപടിയെടുക്കണം; കോട്ടൂരി പ്രതിഷേധിച്ച് വിദ്യാർത്ഥികൾ

Thursday 16 April 2026 11:39 AM IST

കണ്ണൂർ: അഞ്ചരക്കണ്ടി ഡെന്റൽ കോളേ‌ജ്‌ വിദ്യാർത്ഥി നിതിൻ രാജിന്റെ മരണത്തിൽ വൈറ്റ് കോട്ടൂരി പ്രതിഷേധിച്ച് വിദ്യാർത്ഥികൾ. മരണത്തിന് കാരണക്കാരായവർക്കെതിരെ നടപടിയാവശ്യപ്പെട്ടാണ് കോളേജിനുമുന്നിൽ വിദ്യാർത്ഥികൾ പ്രതിഷേധം നടത്തിയത്. ഡെന്റൽ വിദ്യാർത്ഥികൾക്കൊപ്പം കാമ്പസിലെ മറ്റ് വിഭാഗങ്ങളിലെ വിദ്യാർത്ഥികളും പ്രതിഷേധത്തിൽ പങ്കുചേർന്നു. നിതിൻ രാജിന്റെ മരണത്തിന് പിന്നാലെ കുറ്റാരോപിതരായ അദ്ധ്യാപകർക്കെതിരെയുള്ള പരാതികൾ രേഖാമൂലം തന്നെ വിദ്യാർത്ഥികൾ അധികൃതർക്ക് നൽകിയിരുന്നു.

കേരളത്തിലെ പ്രധാനപ്പെട്ട വിദ്യാർത്ഥി സംഘടനകൾക്ക് പ്രവർത്തിക്കാൻ കഴിയാത്തതാണ് കാമ്പസിലെ അരാഷ്‌ട്രീയമായ സാഹചര്യങ്ങൾക്ക് കാരണമെന്നും ഇന്നുമുതൽ എസ്‌എഫ്‌ഐയുടെ ഒരു യൂണിറ്റ് കാമ്പസിൽ സ്ഥാപിക്കുമെന്നും എസ്‌എഫ്‌ഐ നേതാവ് പ്രതിഷേധത്തിൽ പറഞ്ഞു. ഇന്ന് രാവിലെ കോളേജിലേക്ക് പട്ടിക ജാതി ക്ഷേമസമിതിയുടെ നേതൃത്വത്തിലുള്ള പ്രതിഷേധ മാർച്ച് നടന്നിരുന്നു. ഡോ. റാമിന്റെ ഇടക്കാടുള്ള ക്ലിനിക്കിലേക്ക് ഡിവൈഎഫ്‌ഐയുടെ നേതൃത്തിൽ പ്രതിഷേധമാർച്ചും ഇന്ന്‌ നടക്കും.

പ്രതിഷേധങ്ങൾ ശക്തമാകുമ്പോഴും കുറ്റാരോപിതരെ പിടികൂടാൻ പൊലീസിന് ഇതുവരെ സാധിച്ചിട്ടില്ല. കുറ്റക്കാർക്കെതിരെ കർശന നടപടിയെടുക്കാൻ ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ നിർദേശം നൽകിയിരുന്നു. ആരോഗ്യ സർവകലാശാല വിസി മോഹനൻ കുന്നുമ്മലിനാണ് ചാൻസിലർ കൂടിയായ ഗവർണർ നിർദേശം നൽകിയത്. വിസി മോഹനൻ കുന്നുമ്മൽ ഗവർണറുമായി കൂടിക്കാഴ്ച നടത്തി പ്രാഥമിക റിപ്പോർട്ട് സമർപ്പിച്ചിരുന്നു.

ആരോഗ്യ സർവകലാശാല അന്വേഷണസമിതി ഇന്ന് കോളേജിലെത്തി തെളിവെടുപ്പ് നടത്തും. വിദ്യാർത്ഥികളുടെ മൊഴി എടുക്കുമെന്നാണ് റിപ്പോർട്ട്. സർവകലാശാല ഗവേർണിംഗ് കൗൺസിൽ അംഗം മേജർ ജനറൽ അജിത് നീലകണ്ഠൻ ആണ് അന്വേഷണ തലവൻ.

അതേസമയം, നിതിൻ രാജിന്റെ മരണവുമായി ബന്ധപ്പെട്ട് ആരോപണവിധേയനായ അദ്ധ്യാപകൻ ഡോ. എസ്. കെ. റാമിനെ പുറത്താക്കാൻ കോളേജ് മാനേജ്മെന്റ് യോഗത്തിൽ തീരുമാനിച്ചിരുന്നു. ഓറൽ പതോളജി വിഭാഗം മേധാവിയായ റാമിനെ നടപടിക്രമം പൂർത്തിയാക്കി വൈകാതെ പുറത്താക്കും. തീരുമാനം ഔദ്യോഗികമായി പുറത്തുവിട്ടിട്ടില്ല.

തിരുവനന്തപുരം നെടുമങ്ങാട് സ്വദേശിയായ നിതിൻ രാജ് അഞ്ചരക്കണ്ടി ഡെന്റൽ കോളേജിലെ ഒന്നാം വർഷ വിദ്യാർത്ഥിയായിരുന്നു. കഴിഞ്ഞ വെള്ളിയാഴ്ച കോളേജ് കെട്ടിടത്തിൽ നിന്ന് വീണ നിലയിലാണ് നിതിനെ കണ്ടത്. ഉടൻ തന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല. റാം നടത്തിയ ജാതി അധിക്ഷേപമടക്കം നിതിനെ മരണത്തിലേക്ക് തള്ളിവിട്ടുവെന്നാണ് ആരോപണം. നിതിന്റെ മരണത്തിനുമുൻപും റാമിനെതിരെ നിരവധി പരാതികളുയർന്നിരുന്നു. മരണത്തിനു പിന്നാലെ നിതിന്റെ സഹപാഠികളടക്കം റാമിനെതിരെ ഗുരുതര ആരോപണങ്ങൾ ഉന്നയിച്ചിരുന്നു. റാമിനൊപ്പം ആരോപണവിധേയയായ അസോ. പ്രൊഫസർ ഡോ. സംഗീത നമ്പ്യാർക്കെതിരെ അന്വേഷണത്തിനുശേഷം കൂടുതൽ നടപടികൾ സ്വീകരിച്ചാൽ മതിയെന്നാണ് മാനേജ്‌മെന്റ് യോഗത്തിലെ ധാരണ. ഇരുവരും സസ്‌പെൻഷനിലാണ്. ജാതി അധിക്ഷേപം, ആത്മഹത്യാപ്രേരണ അടക്കം കുറ്റങ്ങൾ ചുമത്തി പൊലീസ് കേസെടുത്തതിന് പിന്നാലെ ഇരുവരും ഒളിവിലാണ്.