ഇടമലയാറിൽ ജലനിരപ്പ് താഴ്ന്നു; ആശങ്ക വേണ്ടെന്ന് അധികൃതർ
കോതമംഗലം: വേനൽ ശക്തമായതോടെ സംസ്ഥാനത്തെ വൈദ്യുതി ഉത്പാദന മേഖലയിലും ആശങ്ക ഉയരുന്നു. ജലസംഭരണികളിൽ ജലനിരപ്പ് അതിവേഗം താഴുകയാണ്. ഇടമലയാർ ഡാമിൽ സംഭരണശേഷിയുടെ പകുതിയിൽ താഴെ വെള്ളം മാത്രമാണുള്ളത്. ഇന്നലെ 141.26 മീറ്റർ ആയിരുന്നു ജലനിരപ്പ്. ആകെ സംഭരണ ശേഷിയുടെ 32.77 ശതമാനമാണിത്. കഴിഞ്ഞവർഷം ഇതേ ദിവസത്തേക്കാൾ രണ്ട് മീറ്ററോളം താഴെയാണ് ജലനിരപ്പ്. കഴിഞ്ഞ വർഷം 143.79 മീറ്റർ ആയിരുന്നു ജലനിരപ്പ്. വൃഷ്ടിപ്രദേശങ്ങളിൽ മഴ ഇല്ലാത്തതിനാൽ ഡാമിലേക്കുള്ള നീരൊഴുക്ക് ദുർബലമാണ്. ഉത്പാദനം തുടരുകയും മഴ അകന്നുനിൽക്കുകയും ചെയ്താൽ മെയ് മാസം അവസാനത്തോടെ വൈദ്യുതി ഉത്പാദനം പ്രതിസന്ധിയിലാകും. എൽ നിനോ പ്രതിഭാസത്തിന്റെ പ്രത്യാഘാതംമൂലം ഈ വർഷം കാലവർഷം ദുർബലമാകുമെന്ന റിപ്പോർട്ട് കഴിഞ്ഞദിവസം പുറത്തുവന്നിരുന്നു. എന്നാൽ നിലവിലെ സാഹചര്യത്തിൽ ആശങ്കപ്പെടേണ്ടതില്ലെന്നും മഴക്കാലം വരെ വൈദ്യുതി ഉത്പാദനം തുടരാനാകുമെന്നുമാണ് അധികൃതരുടെ വിശദീകരണം.
നിലവിലെ വൈദ്യുതി ഉത്പാദനം 54 മെഗാവാട്ട്
രണ്ട് ജനറേറ്ററുകൾ രാത്രി മുഴുവൻ പ്രവർത്തിപ്പിക്കുകയും പകൽ ഒരു ജനറേറ്റർ പ്രവർത്തിപ്പിക്കുകയുമാണ് ഇപ്പോൾ ചെയ്യുന്നത്. 75 മെഗാവാട്ടാണ് സ്ഥാപിത ശേഷി. 34.5 മെഗാവാട്ട് വീതം ശേഷിയുള്ള രണ്ട് ജനറേറ്ററുകളാണ് ഇവിടെയുള്ളത്.
ഇടമലയാർ ഡാമിന്റെ സംഭരണ ശേഷി 169 മീറ്റർ
ഇന്നലത്തെ ജലനിരപ്പ് 141.26 മീറ്റർ (32.77 ശതമാനം)
കഴിഞ്ഞവർഷം ഇടമലയാർ ഡാമിൽ ജലനിരപ്പ് പൂർണ സംഭരണ ശേഷിയിൽ എത്തിയിരുന്നില്ല. റൂൾ കർവ് പ്രകാരം ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചെങ്കിലും ഡാം തുറക്കേണ്ട സാഹചര്യം ഉണ്ടായില്ല. 2022 ഓഗസ്റ്റിലാണ് ഡാം നിറഞ്ഞതിനേതുടർന്ന് അവസാനമായി തുറന്നത്. മഴക്കാലത്ത് മറ്റ് പദ്ധതികളിൽ വൈദ്യുതി ഉത്പാദനം പൂർണതോതിലാകുമ്പോൾ ഇടമലയാറിൽ ഉത്പാദനം കുറച്ച് വെള്ളം പരമാവധി ശേഖരിക്കുന്ന രീതിയാണ് പിന്തുടരുന്നത്.
ഇടമലയാറിൽ ഇപ്പോൾ വൈദ്യുതി ഉത്പാദനം സുഗമമായി നടക്കുന്നതിനാൽ ഭൂതത്താൻകെട്ടിൽ പെരിയാറിലേക്ക് ജല ലഭ്യത ഉറപ്പുവരുത്താനും കഴിയുന്നുണ്ട്.പെരിയാർവാലി കനാൽവഴിയുള്ള ജലവിതരണത്തിനും ഭൂതത്താൻകെട്ടിന്റെ താഴേക്കുള്ള കുടിവെള്ള പദ്ധതികളുടെ പ്രവർത്തനത്തിനും തടസം ഉണ്ടാകില്ല. മുൻ വർഷങ്ങളിൽ ഇടമലയാറിൽ നിന്നുള്ള വെള്ളത്തിന്റെ അളവ് കുറഞ്ഞപ്പോൾ കനാലുകളിലൂടെയുള്ള ജലവിതരണത്തെ പ്രതികൂലമായി ബാധിച്ചു.