പൊതുപ്രവർത്തകർ ആസ്തി വിവരം നൽകണം
തിരുവനന്തപുരം: സർക്കാർ ഉദ്യോഗസ്ഥർ ഒഴികെയുള്ള പൊതുപ്രവർത്തകർ തങ്ങളുടെയും ആശ്രിതരായ കുടുംബാംഗങ്ങളുടെയും ആസ്തി-ബാദ്ധ്യത വിവരങ്ങളുടെ സ്റ്റേറ്റ്മെന്റ് നിശ്ചിത ഫോറത്തിൽ സമർപ്പിക്കണമെന്ന് ലോകായുക്ത. സർക്കാർ രൂപീകരിച്ച സ്റ്റാറ്റ്യൂട്ടറിയോ അല്ലാത്തതോ ആയ ബോർഡ്, കമ്മിറ്റി, അതോറിട്ടി, കോർപ്പറേഷൻ എന്നിവയിലെ അംഗങ്ങൾ, തൊഴിലാളി യൂണിയൻ ഭാരവാഹികൾ, രാഷ്ട്രീയ പാർട്ടികളുടെ ജില്ലാതല ഭാരവാഹികൾ, സർക്കാർ സഹായം ലഭിക്കുന്ന സ്‌കൂൾ, കോളേജ് ഉൾപ്പെടെയുള്ള സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ മാനേജ്‌മെന്റ് ഭാരവാഹികൾ തുടങ്ങിയവർ ജൂലായ് 31ന് മുൻപ് വിവരം നൽകണം. സ്റ്റാറ്റ്യൂട്ടറി ബോഡികൾ, സഹകരണ സംഘങ്ങൾ, കോർപ്പറേഷനുകൾ, സർക്കാർ കമ്പനികൾ, ബോർഡുകൾ എന്നിവയിലെ ചെയർമാൻ, വൈസ് ചെയർമാൻ എന്നിവരും വിവരങ്ങൾ നൽകണം. www.lokayuktakerala.gov.inൽ ലഭിക്കുന്ന ഫോറം എ,ബി,സി പ്രകാരം രജിസ്ട്രാർ ആൻഡ് കോംപീറ്റന്റ് അതോറിട്ടി, കേരള ലോകായുക്ത തിരുവനന്തപുരം-695033 വിലാസത്തിൽ വിവരങ്ങൾ സമർപ്പിക്കണം. നിശ്ചിത സമയത്തിനുള്ളിൽ ആസ്തി സമർപ്പിക്കാത്തവർക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്ന് ലോകയുക്ത രജിസ്ട്രാർ അറിയിച്ചു.