കണികാണാൻ അമ്പലപ്പാറയിൽ നിന്നെത്തിച്ചത് 16 ടൺ കണിവെള്ളരി

Friday 17 April 2026 1:44 AM IST
അമ്പലപ്പാറയിലെ കണിവെള്ളരി വിളവെടുപ്പിൽ നിന്ന്

പാലക്കാട്: അമ്പലപ്പാറയിലെ കർഷകർക്ക് ഇത്തവണ അക്ഷരാർത്ഥത്തിൽ സമൃദ്ധിയുടെ വിഷുക്കാലമായിരുന്നു. വിഷുവിന് കണികാണാൻ പാലക്കാട് ജില്ലയിലെ വിവിധയിടങ്ങളിലേക്കായി അമ്പലപ്പാറ മേഖലയിൽ നിന്ന് കൊണ്ടുപോയത് 16 ടൺ കണിവെള്ളരിയാണ്.

അറവക്കാട്, പുലാപ്പറ്റശ്ശേരി ഭാഗത്തെ 20 ഓളം കർഷകരുടെ കഠിനാധ്വാന ഫലമായാണ് സ്വർണനിറമുള്ള കണി വെള്ളരി ഇത്തവണ വിപണിയിലെത്തിയത്. മയിൽ, കുരങ്ങൻ, മുള്ളൻപന്നി തുടങ്ങിയ വന്യജീവികളുടെ ശല്യവും ജലക്ഷാമവും അതിജീവിച്ചായിരുന്നു എട്ട് ഏക്കർ കൃഷിയിടത്തിൽ നിന്നുള്ള വിളവെടുപ്പ്. അമ്പലപ്പാറയിൽ അറവക്കാട് ആശ്രയ ക്ലസ്റ്ററിന് കീഴിലുള്ള കർഷകരാണ് ഏറ്റവും കൂടുതൽ കണിവെള്ളരി വിപണിയിലെത്തിച്ചത്. 15 ടണ്ണിലേറെ വെള്ളരി ഇത്തവണ വിളവെടുക്കാൻ കഴിഞ്ഞുവെന്ന് ക്ലസ്റ്റർ സെക്രട്ടറി കെ.ഗോപാലകൃഷ്ണൻ പറഞ്ഞു. ഏഴര ഏക്കർ സ്ഥലത്തായിരുന്നു കൃഷി. ചെറുമുണ്ടശ്ശേരി പുലാപ്പറ്റശ്ശേരി പാടശേഖരത്തിൽ അര ഏക്കറിലേറെ സ്ഥലത്ത് കൃഷി ചെയ്ത കർഷകൻ ജിമ്മിക്ക് ഒരു ടണ്ണിലേറെ വെള്ളരിയും ലഭിച്ചു. മത്തൻ, കുമ്പളം, പയർ എന്നിവയിലും നല്ല വിളവ് ലഭിച്ചു. നേരത്തെ തന്നെ വിപണിയിൽ ഇടം പിടിക്കാൻ കഴിഞ്ഞെങ്കിലും വെള്ളരിക്ക് കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ഇത്തവണ വിലയിൽ അൽപ്പം കുറവ് വന്നത് കർഷകരുടെ വരുമാനത്തെ ബാധിച്ചു. 20 രൂപ മുതൽ 27 രൂപ വരെയാണ് കർഷകർക്ക് ഇത്തവണ ലഭിച്ചത്. കഴിഞ്ഞ വർഷം കിലോക്ക് 23-30 രൂപ വരെയാണ് വില ലഭിച്ചിരുന്നത്. കർഷകനായ ജിമ്മിക്ക് മംഗലാംകുന്ന്, പൂക്കോട്ടുകാവ്, കല്ലുവഴി ഭാഗങ്ങളിലെ സ്ഥാപനങ്ങളിൽ വിൽപ്പന നടത്തിയപ്പോഴാണ് ഇത്തവണ 27 രൂപ വരെ ലഭിച്ചത്. പത്തിരിപ്പാലയിൽ നിന്നുള്ള വ്യാപാരികൾ അറവക്കാട്ടെ കൃഷിയിടത്തിൽ നേരിട്ടെത്തി എടുത്തത് വഴി 22.50 രൂപയും കർഷകർക്ക് ലഭിച്ചു. അമ്പലപ്പാറയിലേയും ഒറ്റപ്പാലത്തേയും മാർക്കറ്റിൽ 20, 21രൂപ വരെയാണ് വിഷു ദിനത്തിൽ ലഭിച്ചത്. വിളവെടുപ്പിന് പാകമാകുന്ന സമയത്ത് വെള്ളം കമ്മിയായത് കർഷകരെ ആശങ്കയിലാക്കിയെങ്കിലും പ്രശ്നങ്ങളില്ലാതെ വിളവെടുക്കാൻ കഴിഞ്ഞതായി ഗോപാലകൃഷ്ണൻ പറഞ്ഞു. പുലാപ്പറ്റശ്ശേരി പാടശേഖരത്തിൽ മയിൽ ശല്യം തടയാൻ 7000 രൂപ ചെലവിൽ വല കെട്ടിയാണ് കൃഷി എങ്കിലും മുള്ളൻ പന്നിയുടെ ശല്യമാണ് കൂടുതൽ ബുദ്ധിമുട്ടിച്ചതെന്ന് കർഷകനായ ജിമ്മി പറഞ്ഞു.