കരുത്താർജിച്ച് രൂപ
Friday 17 April 2026 12:12 AM IST
കൊച്ചി: പശ്ചിമേഷ്യ സമാധാനത്തിലേക്ക് നീങ്ങുകയാണെന്ന വാർത്തകൾ ശക്തമായതോടെ ഡോളറിനെതിരെ രൂപ കരുത്താർജിക്കുന്നു. രാജ്യാന്തര വിപണിയിൽ ക്രൂഡോയിൽ വില കുറഞ്ഞതും സമാധാന ചർച്ചകൾ പുരോഗമിക്കുന്നതുമാണ് നിക്ഷേപകർക്ക് ആവേശം പകർന്നത്. കഴിഞ്ഞ ദിവസങ്ങളിൽ ഇന്ത്യൻ ഓഹരി വിപണി മികച്ച നേട്ടമുണ്ടാക്കിയതോടെ വിദേശ ധനകാര്യ സ്ഥാപനങ്ങൾ വീണ്ടും ഇന്ത്യയിലേക്ക് മടങ്ങിയെത്തുന്നു. ഇന്നലെ ഡോളറിനെതിരെ രൂപയുടെ മൂല്യം 10 പൈസ നേട്ടത്തോടെ 93.19ൽ വ്യാപാരം പൂർത്തിയാക്കി. രൂപയുടെ മൂല്യത്തകർച്ച നിയന്ത്രിക്കാൻ റിസർവ് ബാങ്ക് വിപണി ഇടപെടൽ ശക്തമാക്കിയതും നേട്ടമായി. ഊഹക്കച്ചവടക്കാർ വിപണിയിൽ നിന്ന് വിട്ടുനിൽക്കുന്നതും അനുകൂലമാണ്.
പശ്ചിമേഷ്യയിലെ യുദ്ധം അവസാനിക്കുന്നതോടെ ഇന്ത്യയുടെ കയറ്റുമതി മേഖല മികച്ച ഉണർവ് നേടുമെന്നാണ് വിലയിരുത്തുന്നത്.