കാലുറക്കാതെ ഇന്ത്യൻ കയറ്റുമതി രംഗം

Friday 17 April 2026 12:15 AM IST

ഇറാൻ യുദ്ധം തിരിച്ചടി

കൊച്ചി: ഇറാൻ യുദ്ധത്തിൽ ഹോർമുസ് ഇടനാഴിയിലൂടെ ചരക്കുനീക്കം തടസപ്പെട്ടതോടെ മാർച്ചിൽ ഇന്ത്യയുടെ കയറ്റുമതി അടിതെറ്റി. കേന്ദ്ര സർക്കാരിന്റെ കണക്കുകളനുസരിച്ച് മാർച്ചിലെ ഉത്പന്ന കയറ്റുമതി മുൻവർഷം ഇതേകാലയളവിനേക്കാൾ 7.4 ശതമാനം ഇടിഞ്ഞ് 3,892 കോടി ഡോളറായി. അഞ്ച് മാസത്തിനിടെ കയറ്റുമതിയിലുണ്ടാകുന്ന ഏറ്റവും വലിയ ഇടിവാണിത്. ഗൾഫ് രാജ്യങ്ങളിലേക്കുള്ള കയറ്റുമതി കുത്തനെ ഇടിഞ്ഞതാണ് തിരിച്ചടിയായത്. ഗൾഫ് മേഖലയിലേക്ക് ഇന്ത്യയുടെ കയറ്റുമതി 58 ശതമാനം ഇടിഞ്ഞ് 250 കോടി ഡോളറായി. അവലോകന കാലയളവിൽ മദ്ധ്യേഷ്യയിലേക്കുള്ള കയറ്റുമതിയിൽ 350 കോടി ഡോളറിന്റെ ഇടിവുണ്ടായെന്ന് വാണിജ്യ സെക്രട്ടറി രാജേഷ് അഗർവാൾ പറഞ്ഞു.

ഡൊണാൾഡ് ട്രംപിന്റെ പകരത്തീരുവയും പിഴച്ചുങ്കവും കോടതി റദ്ദാക്കിയതോടെ അമേരിക്കയിലേക്കുള്ള കയറ്റുമതിയിൽ ഉണർവുണ്ടായി.

പശ്ചിമേഷ്യയിലെ യുദ്ധം ഏപ്രിലിലും കയറ്റുമതിക്ക് വെല്ലുവിളിയാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മാർച്ചിൽ അമേരിക്കയിലേക്കുള്ള കയറ്റുമതി 0.92 ശതമാനം വർദ്ധനയോടെ 8,730 കോടി ഡോളറിലെത്തി. പശ്ചിമേഷ്യയിലെ തിരിച്ചടി മറികടക്കാൻ കയറ്റുമതിക്കാർ വിപണി വൈവദ്ധ്യവൽക്കരിക്കുകയാണെന്നും വാണിജ്യ സെക്രട്ടറി കൂട്ടിച്ചേർത്തു.

തിരിച്ചടി നേരിട്ട ഉത്പന്നങ്ങൾ

ജെംസ് ആൻഡ് ജുവലറി, എൻജിനിയറിംഗ് ഗുഡ്‌സ്, ഇലക്ട്രോണിക്‌സ് ഉത്പന്നങ്ങൾ, പെട്രോളിയം ഉത്പന്നങ്ങൾ എന്നിവയുടെ കയറ്റുമതിയിൽ തിരിച്ചടിയുണ്ടായി

മികച്ച വാർഷിക പ്രകടനം

ആഗോള രംഗത്തെ വെല്ലുവിളികൾ മറികടന്നും കഴിഞ്ഞ സാമ്പത്തിക വർഷം രാജ്യത്തെ കയറ്റുമതി മേഖല മികച്ച പ്രകടനമാണ് കാഴ്ചവച്ചത്. ഏപ്രിൽ മുതൽ മാർച്ച് വരെയുള്ള കാലയളവിൽ കയറ്റുമതി 0.93 ശതമാനം വർദ്ധനയോടെ 44,178 കോടി ഡോളറിറായി. ഇക്കാലയളവിൽ ഇന്ത്യയുടെ ഏറ്റവും വലിയ വ്യാപാര പങ്കാളിയായി ചൈന മാറി. തീരുവ യുദ്ധം വ്യാപാരത്തിലുണ്ടാക്കിയ അനിശ്ചിതത്വമാണ് അമേരിക്കയുടെ ഒന്നാം സ്ഥാനം നഷ്‌ടമാക്കിയത്. ചൈനയുമായി 15,110 കോടി ഡോളറിന്റെ ഉഭയകക്ഷി വ്യാപാരം കഴിഞ്ഞ വർഷം നടന്നത്.

ഇറക്കുമതിയിലും ഇടിവ്

ഇന്ത്യയിലേക്കുള്ള ഉത്പന്ന ഇറക്കുമതിയും മാർച്ചിൽ കുത്തനെ കുറഞ്ഞു. പശ്ചിമേഷ്യൻ സംഘർഷത്തിൽ ചരക്കുനീക്കം മുടങ്ങിയതിനാൽ ക്രൂഡോയിൽ, സ്വർണം എന്നിവയുടെ ഇറക്കുമതി ഇടിഞ്ഞു. ഇക്കാലയളവിൽ ഇറക്കുമതി 6.51 ശതമാനം കുറഞ്ഞ് 5,959 കോടി ഡോളറിലെത്തി.

വ്യാപാര കമ്മി കുറഞ്ഞു

മാർച്ചിൽ ഇന്ത്യയുടെ വ്യാപാര കമ്മി ഒൻപത് മാസത്തെ ഏറ്റവും കുറഞ്ഞ തലമായ 2,067 കോടി ഡോളറായി.