പി.ജെ. ആന്റണിയുടെ ഭാര്യ മേരിക്ക് വിട

Friday 17 April 2026 12:57 AM IST

കൊച്ചി:നാടക-സിനിമാ നടൻ പരേതനായ ഭരത് പി.ജെ.ആന്റണിയുടെ ഭാര്യ മേരി ആന്റണിക്ക് (94)യാത്രാമൊഴിയേകി കൊച്ചി നഗരം.കഴിഞ്ഞ ദിവസം വൈകിട്ട് ഇടപ്പള്ളി പോണേക്കര സെന്റ് ഫ്രാൻസിസ് സേവ്യർ പള്ളി സെമിത്തേരിയിലെ പി.ജെ. ആന്റണിയുടെ കല്ലറയിൽ സംസ്കാരം​ നടത്തി.കഴിഞ്ഞ ദിവസം മകൾ അഡ്വ.എലിസബത്ത് ആന്റണി (ഗീത) യുടെ കടവന്ത്ര യുവജനസമാജം റോഡി​ലെ പുത്തൻപുരയ്‌ക്കൽ വസതിയിലായി​രുന്നു അന്ത്യം.പാലാ രാമപുരം സ്വദേശിനിയാണ്.മകൻ:ജോസഫ് ആന്റണി (കുഞ്ഞുമോൻ, രാമപുരം). മരുമകൻ: പരേതനായ പൗലോസ് (റി​ട്ട. എൻജി​നി​യർ, കൊച്ചി​ൻ ഷി​പ്പ്‌യാർഡ്).

ആന്റണിയുടെ സാഹിത്യ, നാടക ജീവിതത്തിൽ നിർണായപങ്കു വഹിച്ചയാളാണ് മേരി.ആന്റണിയുടെ 'ഇൻക്വിലാബിന്റെ മക്കൾ" എന്ന നാടകത്തിൽ അഭിനയിക്കാനെത്തിയപ്പോഴാണ് ഇരുവരും പ്രണയത്തിലായത്.ബന്ധുക്കളുടെ കടുത്ത എതിർപ്പിനെ അവഗണിച്ച് മേരി ആന്റണിയുടെ ജീവിതസഖിയായി.പി​.ജെ. ആന്റണി​യുടെ വി​യോഗത്തി​ന് ശേഷം രണ്ടു മക്കളുമായി​ ബുദ്ധി​മുട്ടി​യാണ് മേരി​ ജീവി​തം മുന്നോട്ടുകൊണ്ടുപോയത്.ദീർഘനാൾ ഇടപ്പള്ളി​യി​ലെ വാടകവീടുകളി​ലായി​രുന്നു താമസം.സംസ്കാരചടങ്ങി​ൽ വ്യവസായമന്ത്രി​ പി​. രാജീവ്, വരാപ്പുഴ അതി​രൂപതാ ആർച്ച് ബി​ഷപ്പ് ഡോ.ആന്റണി​ വാലുങ്കൽ,നടി​ പൗളി​ വി​ത്സൻ,കെ.എം.ധർമ്മൻ,കെ.എൻ.ഉണ്ണി​കൃഷ്ണൻ എം.എൽ.എ തുടങ്ങി​യവർ പങ്കെടുത്തു.