മൂല്യനിർണയം തുടങ്ങി, എസ്.എസ്.എൽ.സി ഫലം മേയ് മൂന്നാം വാരം
തിരുവനന്തപുരം : സംസ്ഥാനത്തെ എസ്.എസ്.എൽ.സി പരീക്ഷാഫലം മേയ് മൂന്നാം വാരം പ്രഖ്യാപിക്കും. മൂല്യനിർണയ ക്യാമ്പുകൾ ഇന്നലെ ആരംഭിച്ചു. തിരഞ്ഞെടുപ്പ് കാരണം ക്യാമ്പുകൾ ആരംഭിക്കാൻ വൈകിയതിനാലാണ് ഫലപ്രഖ്യാപനം മുൻനിശ്ചയിച്ചതിൽ നിന്ന് ഒരാഴ്ച വൈകിയതെന്ന് മന്ത്രി വി.ശിവൻകുട്ടി വാർത്താസമ്മേളനത്തിൽ അറിയിച്ചു. മൂല്യനിർണയം മേയ് രണ്ടിന് അവസാനിക്കും. 72 ക്യാമ്പുകളിലായി 12,000 അദ്ധ്യാപകർ മൂല്യനിർണയത്തിൽ പങ്കെടുക്കുന്നുണ്ട്. കേരളം, ലക്ഷദ്വീപ് മേഖലകളിലായി 4,16,864 വിദ്യാർത്ഥികളാണ് എസ്.എസ്.എൽ.സി പരീക്ഷ എഴുതിയത്.
ഹയർസെക്കൻഡറി പരീക്ഷാഫലം മേയ് 25ന് പ്രഖ്യാപിക്കുമെന്നും മന്ത്രി അറിയിച്ചു. ഹയർസെക്കൻഡറി മൂല്യനിർണയത്തിന് 63 സിംഗിൾ വാല്യുവേഷൻ ക്യാമ്പുകളും 26 ഡബിൾ വാല്യുവേഷൻ ക്യാമ്പുകളും ഉൾപ്പെടെ 89 ക്യാമ്പുകൾ പ്രവർത്തിക്കുന്നുണ്ട്. ആകെ 66,65,852 പേപ്പറുകളാണ് മൂല്യനിർണയം നടത്തുന്നത്. 24,167 ജീവനക്കാർ മൂല്യനിർണയ പ്രവർത്തനങ്ങളിൽ പങ്കെടുക്കുന്നുണ്ടെന്നും മന്ത്രി വ്യക്തമാക്കി.
ഗൾഫ് മേഖലയിലെ പരീക്ഷ : മോഡൽ പരീക്ഷയുടെ അടിസ്ഥാനത്തിൽ എസ്.എസ്.എൽ.സി ഫലം പ്രഖ്യാപിക്കും
ഹയർ സെക്കൻഡറിക്ക് ഒന്നാംവർഷ മാർക്ക് മാനദണ്ഡമാക്കും
തിരുവനന്തപുരം : ഗൾഫ് മേഖലയിലെ എസ്.എസ്.എൽ.സി വിദ്യാർത്ഥികൾക്ക് മോഡൽ പരീക്ഷയുടെ മാർക്ക് അടിസ്ഥാനമാക്കി നിശ്ചിത ശതമാനം ഗ്രേസ് മാർക്കുകൂടി ഉൾപ്പെടുത്തി ഫലം പ്രഖ്യാപിക്കുമെന്ന് മന്ത്രി വി.ശിവൻകുട്ടി വാർത്താസമ്മേളനത്തിൽ അറിയിച്ചു. പശ്ചിമേഷ്യയിലെ യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ ഗൾഫ് മേഖലയിലെ എസ്.എസ്.എൽ.സി, ഹയർസെക്കൻഡറി പരീക്ഷകൾ റദ്ദാക്കിയിരുന്നു. 633 കുട്ടികൾക്ക് എസ്.എസ്.എൽ.സി പരീക്ഷ നടത്താൻ കഴിഞ്ഞില്ല. മോഡൽ പരീക്ഷ എഴുതാത്തവർക്ക് ടേം പരീക്ഷകൾ, പ്രീമോഡൽ പരീക്ഷ എന്നിവയിലെ മാർക്കിന്റെ അടിസ്ഥാനത്തിൽ ഫലം പ്രഖ്യാപിക്കും. പ്ലസ്ടു വിദ്യാർത്ഥികൾക്ക് ഒന്നാം വർഷ തിയറി പരീക്ഷയുടെ മാർക്കും സി.ഇ, പ്രാക്ടിക്കൽ മാർക്കുകളും ചേർത്താകും ഫലപ്രഖ്യാപനം. തീരുമാനത്തിൽ തൃപ്തരല്ലാത്ത വിദ്യാർത്ഥികൾക്ക് ജൂണിൽ നടക്കുന്ന രണ്ടാം വർഷ സേ / ഇംപ്രൂവ്മെന്റ് പരീക്ഷ ഒന്നാം ചാൻസായി പരിഗണിച്ച് എഴുതുന്നതിന് അവസരം നൽകും. 592 വിദ്യാർത്ഥികളാണ് ഗൾഫ് പരീക്ഷാ കേന്ദ്രങ്ങളിൽ പ്ലസ് ടു എഴുതേണ്ടിയിരുന്നത്. ഇതിൽ 470 വിദ്യാർത്ഥികളും ഒന്നാം വർഷ വിഷയങ്ങളുടെ മാർക്ക് രണ്ടാം വർഷ വിഷയങ്ങൾക്ക് നൽകുമ്പോൾ ജയിക്കുമെന്ന് വിലയിരുത്തിയിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു. 122 വിദ്യാർത്ഥികൾക്ക് മിനിമം മാർക്ക് ലഭ്യമായിട്ടില്ല. ഇവരുടെ കാര്യത്തിൽ ഉചിത തീരുമാനം എടുക്കുന്നതിന് പരീക്ഷ ബോർഡിനെ ചുമതലപ്പെടുത്തി. കേരളത്തിൽ നിന്നും വിവിധ ആവശ്യങ്ങൾക്ക് ഗൾഫിൽ പോയി തിരികെ വരാൻ കഴിയാത്ത രണ്ടാം വർഷ വിദ്യാർത്ഥികൾക്ക് സ്കൂൾ പ്രിൻസിപ്പൽമാരുടെ സാക്ഷ്യപത്രത്തോടെ ഗൾഫ് വിദ്യാർത്ഥികൾക്ക് നൽകുന്ന രീതിയിൽ മാർക്ക് നൽകി ഫലം തയ്യാറാക്കുമെന്നും മന്ത്രി പറഞ്ഞു.
30ശതമാനം മാർക്കില്ലെങ്കിൽ പ്രത്യേക ക്ലാസ് തിരുവനന്തപുരം:സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിൽ അഞ്ചാം ക്ലാസ് മുതൽ ഒമ്പതാം ക്ലാസ് വരെയുള്ള കുട്ടികൾക്കായുള്ള പഠനപിന്തുണാ പരിപാടി സംഘടിപ്പിക്കുന്നു.വാർഷിക എഴുത്തു പരീക്ഷയിൽ 30ശമതാനം മാർക്ക് നേടാത്ത കുട്ടികൾക്കാണിത്.20 മുതൽ 27 വരെയാണ് ക്ലാസ്.ശേഷം പ്രത്യേകം പരീക്ഷകൾ സ്കൂൾ തലത്തിൽ നടത്തി പ്രമോഷൻ ലിസ്റ്റ് പ്രസിദ്ധീകരിക്കണം.കഴിഞ്ഞ വർഷം എട്ടാം ക്ലാസിൽ ഇത് നടപ്പാക്കിയിരുന്നു.
നിരന്തര മൂല്യനിർണയം: വിദ്യാർത്ഥികൾക്ക് പരാതിപ്പെടാം
തിരുവനന്തപുരം : സ്കൂൾ വിദ്യാഭ്യാസത്തിൽ 20ശതമാനമുള്ള നിരന്തര മൂല്യനിർണയത്തിന്റെ മാർക്ക് (ഇന്റേണൽ മാർക്ക്) സംബന്ധിച്ച് വിദ്യാർത്ഥികൾക്ക് പരാതിപ്പെടാമെന്ന് മന്ത്രി വി.ശിവൻകുട്ടി വാർത്താസമ്മേളനത്തിൽ പറഞ്ഞു. ഇതിനുള്ള സംവിധാനങ്ങൾ കൃത്യമായി പ്രവർത്തിക്കുന്നുണ്ടെന്ന് ഉറപ്പാക്കും. മാർക്ക് നൽകുന്നത് ഒരു അദ്ധ്യാപകന്റെ മാത്രം അധികാരമാകില്ല. പലപ്പോഴും അദ്ധ്യാപകർ ഇതിന്റെ അന്തഃസത്ത ഉൾക്കൊള്ളാതെ മാർക്ക് നൽകുന്ന പരാതികൾ ഉയരുന്നുണ്ട്. നിരന്തര മൂല്യനിർണയ മാർക്ക് സ്കൂൾ നോട്ടീസ് ബോർഡിൽ പ്രദർശിപ്പിക്കണം. ഇത് സംബന്ധിച്ച് കുട്ടികളുടെ പരാതികൾ സ്കൂൾതല മോണിറ്ററിംഗ് സമിതി പരിശോധിക്കണം. സ്കൂൾ തലത്തിൽ പ്രിൻസിപ്പൽ, എസ്.ആർ.ജി കൺവീനർമാർ, സബ്ജക്ട് കൗൺസിൽ കൺവീനർമാർ എന്നിവരുടെ നേതൃത്വത്തിലും ജില്ലാതലത്തിൽ ഡി.ഡി.ഇ, ഡി.ഇ.ഒ, ഡയറ്റ് പ്രിൻസിപ്പൽ, എസ്.സി.ഇ.ആർ.ടി ഫാക്കൽറ്റി അംഗങ്ങൾ എന്നിവരുടെ നേതൃത്വത്തിലും സംസ്ഥാനതലത്തിൽ പൊതുവിദ്യാഭ്യാസ ഡയറക്ടർ, എസ്.സി.ഇ.ആർ.ടി ഡയറക്ടർ, അസസ്മെന്റ് കോഓർഡിനേറ്റർ എന്നിവരുടെ നേതൃത്വത്തിലും സമിതികൾ ഇതിനായി രൂപീകരിക്കണം.