കൂടൽമാണിക്യം: ഉത്സവത്തി​ന് പുതി​യ തന്ത്രിമാരെ തേടി ദേവസ്വം

Friday 17 April 2026 12:05 AM IST

കൊച്ചി: ഇരിങ്ങാലക്കുട കൂടൽമാണിക്യം ക്ഷേത്രത്തിലെ ഉത്സവം 28ന് കൊടിയേറാനിരിക്കെ, അഞ്ച് തന്ത്രിമാർ നടത്തുന്ന ബഹിഷ്കരണ സമരം നേരിടാൻ ഒരുക്കം തുടങ്ങി ദേവസ്വം. നാല് സഹതന്ത്രിമാരെ അനൗദ്യോഗികമായി നിയോഗിച്ചു. ഇവരെ പിന്തിരിപ്പിക്കാൻ ശ്രമമുണ്ടാകുമെന്ന് ഭയന്ന് രഹസ്യമായാണ് നീക്കം. അബ്രാഹ്മണ തന്ത്രി​മാരെയും പരി​ഗണി​ക്കുന്നതായി സൂചനയുണ്ട്.

ഈഴവനായ കഴകക്കാരനെ ക്ഷേത്രത്തിൽ നിയമിച്ചതിനെ തുടർന്ന് ഒരു വർഷമായി ആറ് തന്ത്രികുടുംബങ്ങളി​ൽ അഞ്ചും വിട്ടുനിൽക്കുകയാണ്. തരണനല്ലൂർ പടിഞ്ഞാറേമന കുടുംബം സഹകരിക്കുന്നതിനാലാണ് ചടങ്ങുകൾ മുടങ്ങാത്തത്. പത്തു ദിവസത്തെ ഉത്സവത്തിന് ദീർഘമായ താന്ത്രിക ചടങ്ങുകളുണ്ട്.

ഉത്സവച്ചടങ്ങുകൾ ഭംഗി​യായി​ നടത്താൻ പടി​ഞ്ഞാറേമന പരമേശ്വരൻ നമ്പൂതി​രി​പ്പാടി​നെ ദേവസ്വം രേഖാമൂലം ചുമതലപ്പെടുത്തി​യി​രുന്നെങ്കി​ലും പാരമ്പര്യവാദി​കളുടെ ഭീഷണി​കളെ തുടർന്ന് അദ്ദേഹം പി​ന്മാറി​. തനി​ക്ക് ചുമതലയുള്ള ദി​വസങ്ങളിൽ മാത്രമേ ചടങ്ങുകൾ നി​ർവഹി​ക്കൂവെന്ന് ദേവസ്വത്തി​ന് അദ്ദേഹം കത്തും നൽകി​. ഇതോടെയാണ് ബദൽ സംവിധാനത്തിലേക്ക് ദേവസ്വം നീങ്ങി​യത്.

അതേസമയം, ക്ഷേത്രചടങ്ങുകൾ ബഹി​ഷ്കരി​ച്ചി​ട്ടി​ല്ലെന്നും ഉത്സവച്ചടങ്ങുകളി​ൽ പങ്കെടുക്കുമെന്നും അറിയിച്ച് മൂന്ന് തന്ത്രി​ കുടുംബാംഗങ്ങൾ ഇന്നലെ വാർത്താസമ്മേളനം നടത്തി​യെങ്കിലും ഇവർ അംഗീകൃത തന്ത്രിമാരല്ലെന്നാണ് ദേവസ്വം നിലപാട്. ക്ഷേത്രചടങ്ങുകളി​ൽ നി​ന്ന് വി​ട്ടുനി​ൽക്കുന്ന നഗരമണ്ണ് മനയി​ലെ തന്ത്രി​ വി​ക്രമൻ നമ്പൂതി​രി​പ്പാടി​ന്റെ മാതാവ് ഇന്നലെ മരി​ച്ചതി​നാൽ ഇനി​ ഈ കുടുംബത്തി​ലെ ആർക്കും ഉത്സവച്ചടങ്ങി​ൽ പൂർണമായും പങ്കെടുക്കാനാവി​ല്ല. വി​ട്ടുനിൽക്കുന്ന തന്ത്രി​യായ നെടുമ്പി​ള്ളി​ ഗോവി​ന്ദൻ നമ്പൂതി​രി​ ദേവസ്വം ഭരണസമി​തി​ അംഗവുമാണ്.

വി​ട്ടുനി​ൽക്കുന്ന തന്ത്രി​മാർ

• അണി​മംഗലം വാസുദേവൻ നമ്പൂതി​രി​

• നെടുമ്പി​ള്ളി​ തരണനല്ലൂർ ഗോവി​ന്ദൻ നമ്പൂതി​രി​

• ചെമ്പാപ്പി​ള്ളി​ തരണനല്ലൂർ നാരായണൻ നമ്പൂതി​രി​പ്പാട്

• നഗരമണ്ണ് ത്രി​വി​ക്രമൻ നമ്പൂതി​രി​

• കെടങ്ങശേരി​ തരണനല്ലൂർ രാമൻ നമ്പൂതി​രി​പ്പാട്

എന്തു ഭീഷണി​യുണ്ടെങ്കി​ലും ഉത്സവം ഭംഗി​യായി​ നടത്തും. അതി​നുള്ള ഒരുക്കങ്ങളി​ലാണ് ദേവസ്വം ഭരണസമി​തി​

അഡ്വ.സി​.കെ.ഗോപി​

ചെയർമാൻ, കൂടൽമാണി​ക്യം ദേവസ്വം