ഗാനമേളയ്ക്കിടെ ഡാൻസ് കളിച്ചയാളെ കസേരയ്ക്ക്ക്കടിച്ച പ്രതി അറസ്റ്റിൽ

Friday 17 April 2026 12:06 AM IST

​കൊല്ലം: ഗാനമേളയ്ക്കിടെ സ്റ്റേജിന് മുന്നിൽ ഡാൻസ് കളിച്ചയാളെ കസേരയ്ക്ക് മുഖത്തടിച്ച് പരിക്കേൽപ്പിച്ച ആശ്രാമം കുളങ്ങര വീട്ടിൽ ശ്യാം കുമാറിനെ (40) ഈസ്റ്റ് പൊലീസ് അറസ്റ്റ് ചെയ്തു.

ആശ്രാമം ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിലെ ഉത്സവത്തോടനുബന്ധിച്ച് നടന്ന ഗാനമേളയ്ക്കിടയിലാണ് സംഭവം. തിങ്കളാഴ്ച രാത്രി 9.30 ഓടെ സ്റ്റേജിന് മുന്നിൽ ഡാൻസ് കളിക്കുകയായിരുന്ന തിരുവനന്തപുരം മണക്കാട് വത്സല ഭവനിൽ ബാലചന്ദ്രൻ നായരെ (57) യാതൊരു പ്രകോപനവുമില്ലാതെ കസേരയുമായി ഓടിയെത്തിയ പ്രതി മുഖത്തടിക്കുകയായിരുന്നു.

ബാലചന്ദ്രൻ നായരുടെ ഒരു പല്ല് അടർന്നുപോവുകയും ചുണ്ടിന് ആഴത്തിൽ മുറിവേൽക്കുകയും ചെയ്തു. സംഭവത്തിന്റെ വീഡിയോ സാമൂഹ്യ മാദ്ധ്യമങ്ങളിൽ പ്രചരിച്ചതോടെ പൊലീസ് സ്വമേധയാ കേസെടുക്കുകയായിരുന്നു.

ഭയവും സങ്കടവും കാരണം ബാലചന്ദ്രൻ നായർ പരാതി നൽകാൻ തയ്യാറായിരുന്നില്ല. തുടർന്ന് സ്റ്റേഷനിലേക്ക് വിളിപ്പിച്ച് ഇയാളിൽ നിന്ന് നേരിട്ട് പരാതി എഴുതിവാങ്ങി. കഴിഞ്ഞ ദിവസം ഉച്ചയോടെ പിടികൂടിയ പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.