കോഴിക്കോട്ട് ഒമ്പത് മണ്ഡലങ്ങളിൽ വൻവിജയം: ലീഗ്

Friday 17 April 2026 12:30 AM IST
ലീഗ്

കോഴിക്കോട്: ജില്ലയിൽ യു.ഡി.എഫിനു ചരിത്ര വിജയം ഉണ്ടാവുമെന്നാണ് മുസ്ലിം ലീഗ് ജില്ലാ കമ്മിറ്റി. യു.ഡി.എഫും എൽ.ഡി.എഫും നേരിട്ട് ഏട്ടുമുട്ടിയ മത്സരത്തിൽ 13 മണ്ഡലങ്ങളിലും വിജയ സാദ്ധ്യതയാണ് കാണുന്നത്. ഒമ്പത് മണ്ഡലങ്ങളിൽ വൻ വിജയം ഉണ്ടാവുമ്പോൾ നാലു മണ്ഡലങ്ങളിൽ മാത്രമാണ് കടുത്ത പോരാട്ടം നടന്നത്. അവിടെയും അവസാന ലാപ്പിൽ യു.ഡി.എഫിന് മേൽക്കൈ നേടാനായി. ശക്തമായ ഭരണ വിരുദ്ധ തരംഗത്തിൽ മന്ത്രിമാർ ഉൾപ്പെടെ തോൽക്കും. പാലത്തിനു പെയിന്റ് അടിക്കലും ആഘോഷ കാലത്ത് ലൈറ്റ് ഇടലും മാത്രമാണ് വികസനം എന്നു ധരിച്ച എൽ.ഡി.എഫിന് എടുത്ത് പറയാവുന്ന ഒരു നേട്ടവും ജില്ലയിൽ ഇല്ല എന്നത് യു.ഡി.എഫ് ഉയർത്തി കാട്ടി. ഉമ്മൻചാണ്ടി സർക്കാർ തുടക്കമിട്ട മോണോ റെയിൽ ഉൾപ്പെടെ എല്ലാം സ്വപ്നം മാത്രമായി മാറിയ 10 വർഷം ജനം വിലയിരുത്തി. ഇതിനെ മറികടക്കാൻ കടുത്ത വർഗീയതയാണ് സി.പി.എം പുറത്തെടുത്തത്. മാഷാ അള്ളാ, കാഫിർ വർഗീയ കാർഡുകൾ പുറത്തെടുത്തു കൈ പൊള്ളിയിട്ടും പാഠം പഠിക്കാത്ത ജില്ലയിലെ സി.പി.എം പേരാമ്പ്രയിലും അത് തുടർന്നു. വർഗീയ പ്രചാരണം കൊണ്ട് ബി.ജെ.പി വോട്ടുകൾ സമാഹരിക്കാമെന്നാണ് സി.പി.എം കണക്ക് കൂട്ടിയത്. അതിനെ ഫലപ്രദമായി ചെറുത്തു തോല്പിക്കാൻ യു.ഡി.എഫിന് കഴിഞ്ഞെന്നും നേതാക്കൾ വിലയിരുത്തി. വാർത്ത സമ്മേളനത്തിൽ മുസ്‌ലിം ലീഗ് ജില്ലാ ജനറൽ സെക്രട്ടറി ടി.ടി ഇസ്മായിൽ, ട്രഷറർ സൂപ്പി നരിക്കാട്ടേരി, വൈസ് പ്രസിഡന്റ് എസ്.വി ഹസ്സൻ കോയ, സെക്രട്ടറി അഡ്വ. എ.വി അൻവർ തുടങ്ങിയവർ പങ്കെടുത്തു.