ശക്തമായ കാറ്റും മഴയും; വീടിന്റെ മേൽക്കൂര പറന്നുപോയി, വ്യാപക കൃഷിനാശം

Friday 17 April 2026 12:46 AM IST
കാറ്റിൽ തകർന്ന കുടവട്ടൂർ മാരൂർ മായാ വിലാസത്തിൽ പ്രസാദിന്റെ വീടിനുള്ളിൽ പ്രസാദും ഭാര്യ ഓമനയും

കൊട്ടാരക്കര: വേനൽമഴയ്ക്കൊപ്പമെത്തിയ ശക്തമായ കാറ്റിൽ എഴുകോൺ മേഖലയിൽ വ്യാപക നാശനഷ്ടം. എഴുകോൺ കുടവട്ടൂർ, മാരൂർ, പനയറ ഭാഗങ്ങളിലാണ് കാറ്റ് കടുത്ത നാശം വിതച്ചത്. മാരൂർ മായാ വിലാസത്തിൽ പ്രസാദിന്റെ വീടിന്റെ മേൽക്കൂര കാറ്റിൽ പറന്നുപോയി. സന്ധ്യയോടെ വീശിയടിച്ച കാറ്റിൽ വീടിന് മുകളിലെ ആസ്ബസ്റ്റോസ് ഷീറ്റുകൾ പാറിപ്പോകുകയായിരുന്നു. ഈ സമയം പ്രസാദും ഭാര്യയും വീടിനുള്ളിൽ ഉണ്ടായിരുന്നുവെങ്കിലും അപകടം സംഭവിച്ചില്ല. കാറ്റിൽ വീടിനുള്ളിലെ ഇലക്ട്രിക് ഉപകരണങ്ങളും നശിച്ചിട്ടുണ്ട്.

78 വയസുള്ള പ്രസാദ് കൂലിപ്പണി ചെയ്താണ് ഉപജീവനം നടത്തുന്നത്. ഭാര്യ ഓമന കണ്ണിന് ശസ്ത്രക്രിയ കഴിഞ്ഞ് വിശ്രമത്തിലായിരിക്കെയാണ് വീടിന്റെ മേൽക്കൂര തകർന്ന് ഈ കുടുംബം പെരുവഴിയിലായത്. സമീപത്തുള്ള പാറവിള ശിവദാസന്റെയും രവീന്ദ്ര സദനത്തിൽ രവീന്ദ്രന്റെയും പറമ്പുകളിലെ റബർ മരങ്ങളടക്കം നിരവധി മരങ്ങൾ കടപുഴകി വീണു. പനയറ ഭാഗത്തെ വയലിൽ കൃഷി ചെയ്തിരുന്ന നൂറുകണക്കിന് വാഴകൾ ഒടിഞ്ഞുവീണ് കനത്ത കൃഷിനാശവും സംഭവിച്ചിട്ടുണ്ട്. മേഖലയിൽ ലക്ഷക്കണക്കിന് രൂപയുടെ നാശനഷ്ടങ്ങളാണ് പ്രാഥമികമായി കണക്കാക്കുന്നത്.