പൈനാപ്പിളിനെ പൊള്ളിച്ച് വേനൽ

Friday 17 April 2026 12:28 AM IST
ഏഴുകോൺ കൃഷിഭവന് കീഴിൽ കരിപ്പുറം പ്രദേശത്തെ പൈനാപ്പിൾ തോട്ടത്തിൽ കർഷകനായ സജിത്ത്

കൊല്ലം: ചൂട് കാരണം ഉത്പാദനം കുറഞ്ഞതിനാൽ വില കൂടുമെന്ന പൈനാപ്പിൾ കർഷകരുടെ പ്രതീക്ഷകൾക്ക് തിരിച്ചടി.

വിനോദ സഞ്ചാര യാത്രകൾ കുറഞ്ഞതും പാചകവാതക ക്ഷാമത്തെ തുടർന്ന് ഹോട്ടലുകളിൽ ഭൂരിഭാഗവും അടച്ചതുമാണ് പൈനാപ്പിൾ വിപണിയെ പ്രതികൂലമായി ബാധിച്ചത്.

കഴിഞ്ഞ വർഷം ഈ സമയം കിലോയ്ക്ക് 48 രൂപ വരെ കർഷകർക്ക് ലഭിച്ചിരുന്ന പച്ച പൈനാപ്പിളിന് ഇപ്പോൾ 32 രൂപയായി. പച്ച സ്പെഷ്യൽ ഗ്രേഡ് വില 50ൽ നിന്ന് 34 രൂപയിലേക്കും 53 രൂപയായിരുന്ന പഴുത്ത പൈനാപ്പിൾ വില 48 ലേക്കും താഴ്ന്നു. ജനുവരിയിൽ സ്പെഷ്യൽ ഗ്രേഡിന് 43 ഉം പച്ചയ്ക്ക് 41 ഉം പഴുത്തതിന് 43 ഉംരൂപയായിരുന്നു. കഴിഞ്ഞവർഷം ഡിസംബർ അവസാനം സ്പെഷ്യൽ ഗ്രേഡിന് 36 ഉം പച്ചയ്ക്ക് 34 ഉം പഴുത്തതിന് 47 ഉം രൂപയാണ് കർഷകർക്ക് ലഭിച്ചത്. കഴിഞ്ഞ വർഷം ഇടയ്ക്കിടെ പെയ്ത കനത്ത മഴ മുതൽ ഇപ്പോഴത്തെ ചൂട് വരെ ഉത്പാദനത്തെ ബാധിക്കുന്നുണ്ടെന്ന് കർഷകർ പറയുന്നു. മികച്ച വലിപ്പവും രൂപവുമുള്ള കൈതച്ചക്കകൾ വിപണിയിൽ എത്തിക്കാൻ കഴിയാത്തതും പ്രതിസന്ധിയാണ്.

ചൂടിൽ വാടി, വില താഴേക്ക്

 കടുത്ത ചൂടിലും മൂടിക്കെട്ടിയ അന്തരീക്ഷത്തിലും ചെടികൾ വാടുന്നു

 വേനൽ മഴ പേരിലൊതുങ്ങിയതോടെ വെള്ളത്തിന് മറ്റ് മാർഗങ്ങളെ ആശ്രയിക്കണം

 ഓലമടൽ കൊണ്ട് പന്തൽ പോലെ മറച്ചാണ് മുമ്പ് തണലൊരുക്കിയിരുന്നത്

 ചെടികൾക്ക് മുകളിൽ പച്ച നിറത്തിലുള്ള വല വിരിക്കുന്നുണ്ട്

 ഓരോ സീസണിലും വളത്തിന്റെ വിലയിൽ വർദ്ധനവ്

 പൊട്ടാഷ്, ഫാക്ടംഫോസ്, യൂറിയ, മസൂറി, മഗ്നീഷ്യം എന്നിവയാണ് പൈനാപ്പിൾ കൃഷിക്കായി ഉപയോഗിക്കുന്നത്

 യൂറിയയുടെ ലഭ്യതക്കുറവും കൃഷിയെ ബാധിച്ചു

നാലുതരം ഗ്രേഡ്

 എ, ബി, സി, ഡി ഗ്രേഡുകളായി തിരിച്ചാണ് കച്ചവടം

 ഒരു കിലോയ്ക്ക് മുകളിലുള്ളത് എ ഗ്രേഡ്

 600 ഗ്രാം മുതൽ ഒരുകിലോവരെയുള്ളവ ബി ഗ്രേഡ്

 അതിന് താഴെയുള്ളവ സി, ഡി ഗ്രേഡുകൾ

വില കിലോയ്ക്ക് 40 രൂപയ്ക്ക് മുകളിൽ ലഭിച്ചാലേ നഷ്ടമില്ലാതെ മുന്നോട്ടുപോകാനാകു. ഉത്തരേന്ത്യയിൽ വൈകാതെ വിവാഹ സീസൺ സജീവമാകും. ഇത് ഡിമാൻഡ് കൂട്ടും.

ബേബി ജോൺ, സംസ്ഥാന പ്രസിഡന്റ്, പൈനാപ്പിൽ ഗ്രോവേഴ്സ് അസോസിയേഷൻ