സ്കൂട്ടർ അപകടം: ഭർത്താവിന് പിന്നാലെ ഭാര്യയും മരിച്ചു
Friday 17 April 2026 1:21 AM IST
മാവേലിക്കര:നിയന്ത്രണം വിട്ട കാർ ദമ്പതികൾ സഞ്ചരിച്ച സ്കൂട്ടറിൽ ഇടിച്ചുണ്ടായ അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന വീട്ടമ്മയും മരിച്ചു.വെട്ടിയാർ പള്ളിമുക്ക് തുളസീദളം വീട്ടിൽ തുളസി എസ്.നായർ (55)ആണ് മരിച്ചത്.എറണാകുളം അമൃത ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്നു. ഭർത്താവ് ശശി കെ.നായർ (64) അപകടം നടന്ന ദിവസം തന്നെ മരിച്ചിരുന്നു.
കഴിഞ്ഞ 27ന് കൊല്ലം-തേനി ഹൈവേയിൽ മാങ്കാംകുഴി പാറക്കുളങ്ങരയിൽ വൈകിട്ടോടെയായിരുന്നു അപകടം.മകളുടെ വിവാഹ നിശ്ചയത്തിന് ബന്ധുക്കളെ ക്ഷണിക്കാനായി സ്കൂട്ടറിൽ പോകവേ എതിരെവന്ന കാർ നിയന്ത്രണം വിട്ട് ഇടിക്കുകയായിരുന്നു.ശശി കോൺഗ്രസ് വെട്ടിയാർ മണ്ഡലം സെക്രട്ടറിയും വെട്ടിയാർ 45ാം നമ്പർ എൻ.എസ്.എസ് കരയോഗം സെക്രട്ടറിയുമായിരുന്നു.മേയ് 14ന് ഇവരുടെ മകൾ അഭിരാമിയുടെ വിവാഹം നിശ്ചയിച്ചിരിക്കുകയായിരുന്നു. മകൻ: അഭിഷേക്.