കല്ലുംതാഴത്തെ കറക്കം പരിഹരിക്കാൻ റാമ്പ്

Friday 17 April 2026 1:32 AM IST

കൊല്ലം: ദേശീയപാത 66ൽ കല്ലുംതാഴം ജംഗ്ഷന് സമീപത്തെ സർവീസ് റോഡിൽ നിന്ന് ആറുവരിപ്പാതയിലേക്ക് പ്രവേശിക്കാൻ റാമ്പ് നിർമ്മിക്കുന്നതിന് സാദ്ധ്യതാ പഠനം തുടങ്ങി. കൊല്ലം -തിരുമംഗലം ദേശീയപാതയിലൂടെ കല്ലുംതാഴം ജംഗ്ഷനിലെത്തുന്ന വലിയ വാഹനങ്ങൾക്ക് തിരുവനന്തപുരം ഭാഗത്തേക്ക് പോകാനായി ദേശീയപാത 66ൽ പ്രവേശിപ്പിക്കാൻ ഒൻപത് കിലോമീറ്ററോളം ചുറ്റിക്കറങ്ങേണ്ട സ്ഥിതി ഒഴിവാക്കാനാണ് റാമ്പിന്റെ സാദ്ധ്യത പരിശോധിക്കുന്നത്.

ദേശീയപാത 66ൽ കല്ലുംതാഴം ആർ.ഒ.ബിക്ക് കുറുകെ സർവീസ് റോഡില്ല. അതുകൊണ്ട് തന്നെ തിരുവനന്തപുരം ഭാഗത്തേക്ക് പോകാൻ മറ്റ് റോഡുകളിൽ നിന്ന് കല്ലുംതാഴം ജംഗ്ഷനിലെത്തുന്ന വാഹനങ്ങൾ ആറുവരിപ്പാതയിൽ പ്രവേശിക്കാൻ സർവീസ് റോഡ് വഴി കടവൂർ ഭാഗത്തേക്ക് സഞ്ചരിക്കണം.

ചെറിയ വാഹനങ്ങൾക്ക് രണ്ട് കിലോമീറ്റർ അപ്പുറം മങ്ങാടുള്ള ചെറിയ അടിപ്പാത വഴി എതിർവശത്തെത്തി തൊട്ടടുത്തുള്ള എൻട്രി പോയിന്റ് വഴി ആറുവരിപ്പാതയിൽ പ്രവേശിക്കാം. എന്നാൽ വലിയ വാഹനങ്ങൾക്ക് 4.5 കിലോമീറ്റർ അപ്പുറം കടവൂരുള്ള ഫ്ലൈ ഓവറിനടിയിലൂടെയേ എതിർവശത്ത് എത്താനാകു. അങ്ങനെ തിരുവനന്തപുരം ഭാഗത്തേക്ക് പോകാൻ വലിയ വാഹനങ്ങൾക്ക് വെറുതെ 9 കിലോമീറ്റർ സഞ്ചരിക്കേണ്ടി വരും.

കല്ലുംതാഴം ആർ.ഒ.ബിക്ക് കുറുകെ സർവീസ് റോഡ് നിർമ്മിച്ചാൽ പ്രശ്നം നിസാരമായി പരിഹരിക്കാമെങ്കിലും റെയിൽവേയിൽ നിന്ന് അനുമതി ലഭിക്കില്ലെന്നാണ് സൂചന.

സാദ്ധ്യതാപഠനം തുടങ്ങി

എൻ.എച്ച്.എ.ഐ സാദ്ധ്യതാ പഠനം തുടങ്ങി

 കല്ലുംതാഴം മുതൽ കടവൂർ അടിപ്പാത വരെ 4.5 കിലോമീറ്റർ  വലിയ വാഹനങ്ങൾ ചുറ്റിക്കറങ്ങേണ്ടത് 9 കിലോമീറ്റർ  മങ്ങാട് അടിപ്പാത വരെ 2 കിലോമീറ്റർ  ചെറിയ വാഹനങ്ങൾ ചുറ്റിത്തിരിയേണ്ടത് 4 കിലോമീറ്റർ  സർവീസ് റോഡിൽ തിരക്ക് വർദ്ധിക്കും

സാദ്ധ്യതാ പഠന റിപ്പോർട്ട് വൈകാതെ എൻ.എച്ച്.എ.ഐ ഹെഡ് ക്വാർട്ടേഴ്സിന് കൈമാറും. അവിടെ വിശദ പരിശോധനയ്ക്ക് ശേഷം തീരുമാനമുണ്ടാകും.

എൻ.എച്ച്.എ.ഐ പ്രോജക്ട് ഓഫീസ് അധികൃതർ