പാചകത്തിനിടെ ഗ്യാസ് ചോർന്ന് അടുക്കള കത്തി നശിച്ചു
മലപ്പുറം: മലപ്പുറം ചെമ്മങ്കടവ് ചുങ്കപ്പള്ളി മനോജ് ബാബുവിന്റെ വീട്ടിൽ ഗ്യാസ് സിലണ്ടർ ചോർന്ന് വീടിന്റെ അടുക്കള കത്തി നശിച്ചു. വിഷുവിനു രാവിലെ ഒമ്പതു മണിയോടെ ഭാര്യ പായസം ഉണ്ടാക്കുന്നതിനിടെ പാചക വാതക സിലണ്ടർ തുറന്നപ്പോൾ സ്റ്റൗവിൽ നിന്നും സിലണ്ടറിലേക്ക് തീ ആളി പടരുകയായിരുന്നു. നിമിഷ നേരം കൊണ്ട് അടുക്കള മുഴുവൻ പടർന്നതോടെ വീട്ടിലുണ്ടായിരുന്നരെല്ലാം പുറത്തേക്ക് ഓടി രക്ഷപ്പെട്ടു. ബഹളം കേട്ടെത്തിയ നാട്ടുകാർ വെള്ളമൊഴിച്ചും മറ്റും തീ അണക്കാൻ ശ്രമിച്ചു.വിവരമറിഞ്ഞു സ്ഥലത്തെത്തിയ മലപ്പുറം അഗ്നിരക്ഷാസേന വെള്ളം പമ്പ് ചെയ്തു തീപൂർണമായും അണച്ചു സിലിണ്ടർ പുറത്തേക്ക് മാറ്റി.അടുക്കളയിൽ കൂട്ടിയിട്ട വിറകുകളും മിക്സി ഉൾപ്പെടെ അടുക്കള ഉപകരണങ്ങളും സ്വിച്ച് ബോർഡും കത്തി നശിച്ചു. പാചക വാതക സിലിണ്ടറിന്റെ പഴകിയ പൈപ്പിൽ ഉണ്ടായ വിള്ളലിൽ കൂടി ഗ്യാസ് പുറത്തേക്ക് എത്തിയതാണ് തീ പിടിത്തതിന് കാരണം. സീനിയർ ഫയർ ആൻഡ് റെസ്‌ക്യൂ ഓഫീസർ എം.എച്ച്. മുഹമ്മദലിയുടെ നേതൃത്വത്തിൽ ഫയർ ആൻഡ് റെസ്‌ക്യൂ ഓഫീസർമാരായ മുഹമ്മദ് ഷിബിൻ, കെ.സി.മുഹമ്മദ് ഫാരിസ്, വി.പി.നിഷാദ്, ഹോം ഗാർഡ് കുഞ്ഞുമുഹമ്മദ് എന്നിവർ തീയണക്കുന്നതിൽ പങ്കാളികളായി.