വനത്തിൽ നിന്ന് പ്രത്യേക വെളിച്ചം, നിഴലുകൾ പിന്തുടരും; ഈ ഗ്രാമത്തിലേക്ക് പോകുന്നതിന് മുൻപ് നൂറ് തവണ ചിന്തിക്കണം
പ്രേതക്കഥകൾക്ക് വളരെ പേര് കേട്ടതാണ് ഇംഗ്ലണ്ടിലെ ഒരു ചെറിയ ഗ്രാമമായ പ്ലക്ലി. ഗ്രാമത്തിന്റെ തെക്ക് ഭാഗത്തായുള്ള ഡെറിംഗ് വുഡ്സ് എന്ന കാടാണ് ഈ പ്രേതക്കഥകളുടെയെല്ലാം ഉത്ഭവ സ്ഥാനം. ഒന്നും രണ്ടുമൊന്നുമല്ല, ഒരു ഡസനോളം പ്രേതങ്ങളാണത്ര ഈ കാട്ടിൽ അലയുന്നത്.! ' നിലവിളികളുടെ കാട്" എന്നാണ് ഇവിടം അറിയപ്പെടുന്നത്. അർദ്ധരാത്രിയിൽ ഇവിടെ നിന്ന് കൂവലുകളും നിലവിളികളും കേൾക്കാമത്രെ.
18-ാം നൂറ്റാണ്ടിൽ ഒരു കൊള്ളക്കാരനെ ഗ്രാമീണർ പിടികൂടി മരത്തിൽകെട്ടിയിട്ട് തലച്ഛേധിച്ചെന്നും അയാളുടെ നിലവിളിയാണ് കാടിനുള്ളിൽ നിന്ന് കേൾക്കുന്നതെന്നുമാണ് നാട്ടുകാർക്കിടെയിലെ ഒരു വിശ്വാസം. 12-ാം നൂറ്റാണ്ടിൽ മരിച്ച സ്ത്രീ, ഒരു പുരോഹിതൻ, ഒരു ജിപ്‌സി സ്ത്രീ, കുതിരപ്പുറത്ത് സഞ്ചരിക്കുന്ന ഒരാൾ തുടങ്ങിയവരാണ് ഇവിടെ കണ്ടിട്ടുണ്ടെന്ന് പറയുന്ന മറ്റ് പ്രേതങ്ങൾ. ഡെറിംഗ് വുഡ്സ് വഴി നടന്നുപോകുന്നവരെ കറുത്ത നിഴലുകൾ പിന്തുടരുമെന്നും മൂടൽ മഞ്ഞുള്ള സമയങ്ങളിൽ കാലൊച്ചകളും അടക്കി സംസാരവുമൊക്ക ഡെറിംഗ് വുഡിൽ നിന്ന് കേൾക്കാമെന്നുമൊക്ക കഥകൾ വേറെയും.
1949ൽ ഒരു ഹാലോവീൻ ദിനത്തിൽ 20 പേരെ കാർബൺ മോണോക്സൈഡ് ശ്വസിച്ച് വനത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയതായി പ്രചാരണമുണ്ടെങ്കിലും തെളിവുകളില്ല. ഡെറിംഗ് വുഡ്സിനെ ചുറ്റിപ്പറ്റി തിരോധാനക്കഥകളും പ്രചാരത്തിലുണ്ട്. ചില സമയങ്ങളിൽ വനത്തിൽ നിന്ന് പ്രത്യേക വെളിച്ചങ്ങൾ കണ്ടതായി പ്രദേശവാസികൾ പറഞ്ഞിട്ടുണ്ട്. അതുപോലെ, ഇതുവഴിയുള്ള റോഡിലൂടെ കടന്ന് പോകുന്ന വാഹനയാത്രികർക്കും ഭയപ്പെടുത്ത അനുഭവങ്ങളുണ്ടായിട്ടുണ്ടെന്നാണ് പറയുന്നത്.
ഏതായാലും, ബ്രിട്ടനിലെ ഏറ്റവും പ്രേതബാധയുണ്ടെന്ന് പറയപ്പെടുന്ന ഗ്രാമമെന്ന പേരിൽ 1989ൽ പ്ലക്ലി ഗ്രാമം ഗിന്നസ് ബുക്ക് ഒഫ് റെക്കോഡ്സിൽ ഇടംനേടിയെങ്കിലും പ്രചാരത്തിലുള്ള കഥകൾ വിശ്വസനീയമല്ലെന്ന വാദം ശക്തമായതോടെ പുറത്തായി. പ്ലക്ലിയേയും ഡെറിംഗ് വുഡ്സിനെയും ചുറ്റിപ്പറ്റി നിരവധി പാരാനോർമൽ അന്വേഷണങ്ങളും പരിപാടികളുടെ ചിത്രീകരണവും നടന്നിട്ടുണ്ട്.
കാര്യമെന്തൊക്കെയായാലും ലോകത്തെ ഏറ്റവും പഴക്കം ചെന്ന നവീനശിലായുഗ ശേഷിപ്പുകളും മദ്ധ്യകാലഘട്ട നിർമ്മിതികളാലും പ്രത്യേകത നിറഞ്ഞതാണ് പ്ലക്ലി ഗ്രാമവും ഡെറിംഗ് വുഡ്സും. ഇവിടുത്തെ വനപ്രദേശത്തെ പുറത്ത് നിന്നുള്ള ആരും ചൂഷണം ചെയ്യാതിരിക്കാൻ പ്രദേശവാസികൾ ആവിഷ്കരിച്ച കെട്ടുകഥകളാകാം ഈ ഒരു ലോഡ് പ്രേതക്കഥകളെന്നാണ് ഗവേഷകരുടെ വിലയിരുത്തൽ.