പൊള്ളുന്ന ചൂട്: കരുതൽ വേണം മൃഗങ്ങൾക്കും  

Saturday 18 April 2026 1:33 AM IST

കൊച്ചി​: ചൂട് ക്രമാതീതമായി കൂടുന്ന സാഹചര്യത്തിൽ വളർത്തുമൃഗങ്ങൾക്ക് പ്രത്യേക പരിചരണവും കരുതലും നൽകണമെന്ന് വിദഗ്ദ്ധർ. ചൂട് കൂടുന്നതോടെ പശുക്കളുടെ പാലുത്പാദനം, പാലിലെ കൊഴുപ്പ്, പ്രോട്ടീൻ എന്നിവ കുറയും. മദിലക്ഷണങ്ങൾ കൃത്യമായി പ്രകടമാക്കി​ല്ല.

തൊഴുത്തി​ൽ വായു സഞ്ചാരം ഉറപ്പാക്കുക. കുടിവെള്ളം മുഴുവൻ സമയവും ലഭ്യമാക്കുക. മേൽക്കൂരയ്ക്ക് മുകളിൽ പച്ചക്കറി പന്തൽ, സ്പ്രിംഗ്ളർ, നനച്ച ചാക്ക്, ഓല, പച്ചപ്പുല്ല് എന്നിവ വിരിക്കാം.

പച്ചപ്പുല്ല്, അസോള, ശീമക്കൊന്ന മുതലായ ഇലത്തീറ്റകൾ ലഭ്യമാക്കുക. കാലിത്തീറ്റ അതിരാവിലെയും വൈകിട്ടുമായി നൽകണം. വൈക്കോൽ രാത്രി മതി​. ഒരു കിലോ തീറ്റയിൽ10 ഗ്രാം അപ്പക്കാരം ചേർത്തു നൽകാം. ധാതുലവണ മിശ്രിതം, പ്രോബയോട്ടിക്‌സ്, ഇലക്ട്രോളൈറ്റ്‌സ് എന്നിവ ഡോക്ടറുടെ നിർദ്ദേശപ്രകാരം തീറ്റയിൽ ഉൾപ്പെടുത്തണം. എരുമകൾക്ക് മുങ്ങിക്കിടക്കാൻ പാകത്തിലുള്ള ടാങ്കുകൾ ക്രമീകരിക്കണം. പശുക്കളുമായി വെയിലിൽ​ വാഹന യാത്ര പാടി​ല്ല.

സൂര്യാഘാതത്തിന്റെ ലക്ഷണങ്ങൾ അസ്വസ്ഥത, കിതപ്പ്, തളർച്ച ഭക്ഷണത്തിനോട് മടുപ്പ്, ഉയർന്ന ഹൃദയമിടിപ്പ്, പനി, വായിൽ നിന്ന് നുരയും പതയും വരിക, നാക്ക് പുറത്തേക്ക് തള്ളിവിടുക, പൊള്ളിയ പാടുകൾ എന്നിവ ശ്രദ്ധയിൽപ്പെട്ടാൽ ഉടൻ ചികിത്സ തേടണം.

സ്പ്രിംഗ്ലർ, മിസ്റ്റ്, ഷവർ എന്നിവ ഉപയോഗിച്ച് അരമണിക്കൂർ ഇടവിട്ട് 3 മിനിറ്റ് വീതം പശുക്കൾക്ക് തുള്ളിനന നൽകാം. പൊള്ളുന്ന വെയിലിൽ തുറസായ സ്ഥലത്ത് കെട്ടിയിടരുത്.

ഡോ. ടി.ആർ.ഷെർലി

ജില്ലാ മൃഗസംരക്ഷണ ഓഫീസർ

മനുഷ്യരും ശ്രദ്ധി​ക്കണം.....

പകൽ സൂര്യപ്രകാശം ഏൽക്കുന്നത് ഒഴിവാക്കുക.

 ദാഹമില്ലെങ്കിലും വെള്ളം കുടിക്കുക

മദ്യം, കാപ്പി, ചായ, കാർബണേറ്റഡ് സോഫ്റ്റ് ഡ്രിങ്കുകൾ ഒഴിവാക്കുക

അയഞ്ഞ, ഇളം നിറത്തി​ലെ കോട്ടൺ വസ്ത്രങ്ങൾ ധരിക്കുക

പഴങ്ങളും പച്ചക്കറികളും ധാരാളമായി കഴിക്കുക

ക്ലാസ് മുറികളിൽ കുടിവെള്ളവും വായു സഞ്ചാരവും ഉറപ്പാക്കണം ഉച്ചവെയിലിൽ ഇറങ്ങുന്നവർ കുടകൾ ഉപയോഗിക്കുക

 പകൽ 11 മുതൽ 3 വരെ സമ്മേളനങ്ങൾ ഒഴിവാക്കുക

കുട്ടികളെ പാർക്ക് ചെയ്ത വാഹനങ്ങളിലാക്കി​ പോകരുത്